മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് അവതരിപ്പിച്ച പദ്ധതിയുടെ കാലാവധി ബാങ്കുകൾ നീട്ടി. എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് കാലാവധി സെപ്റ്റംബർ 30വരെ നീട്ടിയത്. കോവിഡ് വ്യാപനവും അടിക്കടി പലിശ കുറയുന്നതും മുതിർന്ന പൗരന്മാരെ ബാധിച്ചപ്പോഴായിരുന്നു കൂടുതൽ പലിശ വാഗ്ദാനംചെയ്ത് പ്രത്യേക നിക്ഷേപ പദ്ധതി ബാങ്കുകൾ അവതരിപ്പിച്ചത്.

എസ്ബിഐ
അധികമായി 0.30ശതമാനം പലിശയാണ് എസ്ബിഐ വാഗ്ദാനംചെയ്തത്. മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള 0.5ശതമാനം പലിശക്കുപുറമെയാണിത്. അഞ്ചുവർത്തേക്കോ അതിൽ കൂടുതൽ കാലത്തേക്കോ നിക്ഷേപിക്കുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക. സീനിയർ സിറ്റിസൺസിനുള്ള പുതിയ പദ്ധതിയിൽ നിക്ഷേപമിട്ടാൽ 6.20ശതമാനം പലിശയാണ് ലഭിക്കുക. 

എച്ച്ഡിഎഫ്‌സി ബാങ്ക്
കാൽശതമാനം അധിക പലിശയാണ് പദ്ധതിയിൽ എച്ച്ഡിഎഫ്‌സി ബാങ്ക് നൽകുന്നത്. അതായത് പൊതുജനങ്ങളേക്കാൾ മുതിർന്ന പൗരന്മാർക്ക് മുക്കാൽശതമാനം അധിക പലിശയാണ് ലഭിക്കുക. ഇതുപ്രകാമുള്ള പലിശ 6.25ശതമാനമാണ്. അഞ്ചുവർഷം മുതൽ പത്തുവർഷംവരെ കാലാവധിയുള്ള നിക്ഷേപത്തിനാണ് ഈ പലിശ നൽകുന്നത്. 

ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ മുതിർന്ന പൗരന്മാർക്ക് ഒരുശതമാനം അധിക പലിശയാണ് വാഗ്ദാനംചെയ്തിട്ടുള്ളത്. ഇതുപ്രകാരം അഞ്ചുവർഷത്തിന് മുകളിൽ കാലാവധിയുള്ള നിക്ഷേപത്തിന് 6.25ശതമാനം പലിശ ലഭിക്കും.