മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേയ് ഒന്നുമുതൽ ഭവന വായ്പപ്പലിശ നിരക്കുകളിൽ കുറവുവരുത്തി. 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകളുടെ അടിസ്ഥാനപലിശ 6.95 ശതമാനത്തിൽനിന്ന് 6.7 ശതമാനമായാണ് കുറച്ചത്.

30 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് നിരക്ക് 6.95 ശതമാനമായിരിക്കും. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവയ്ക്കിത് 7.05 ശതമാനവും. ഇതിനു പുറമേ വനിതകൾക്ക് പലിശയിൽ 0.05 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

യോനോ ആപ്പ് വഴി ഓൺലൈനായി അപേക്ഷിക്കുന്നവർക്കും പലിശയിൽ 0.05 ശതമാനം ഇളവ് ലഭിക്കും. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയാകും പലിശനിരക്ക് നിർണയിക്കുന്നത്.