ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നിക്ഷേപ പലിശ വര്‍ധിപ്പിച്ചു. വ്യത്യസ്ത കാലയളവിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയന്റുവരെയാണ് കൂട്ടിയത്. 

ഇത് പ്രകാരം 7 മുതല്‍ 45ദിവസംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75ശതമാനമാകും പലിശ. നേരത്തെ 5.25ശതമാനമായിരുന്നു നല്‍കിയിരുന്നത്. 

ഒരുവര്‍ഷകാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25ശതമാനത്തില്‍നിന്ന് 6.40ശതമാനമായാണ് വര്‍ധിപ്പിച്ചത്. രണ്ടുമതുല്‍ പത്ത് വര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50ശതമാനവുമായി വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ആറ് ശതമാനമായിരുന്നു പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴ് ശതമാനം ലഭിക്കും.

പുതിയതായി തുടങ്ങുന്ന നിക്ഷേപങ്ങള്‍ക്കും നിലവിലുള്ള നിക്ഷേപങ്ങള്‍ പുതുക്കുമ്പോഴും പുതിയ നിരക്ക് ലഭിക്കും. ഫെബ്രുവരി 28മുതല്‍ പുതുക്കിയ പലിശ നിരക്കുകള്‍ പ്രാബല്യത്തിലായി. 

എസ്ബിഐയ്ക്ക് പിന്നാലെ മറ്റ് ബാങ്കുകളും ഉടനെ നിക്ഷേപ പലിശ വര്‍ധിപ്പിച്ചേക്കും. പണലഭ്യത കുറഞ്ഞതിനെതുടര്‍ന്നാണ് ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്.