മ്പളം, സബ്സിഡികൾ, ലാഭവീതം, പലിശ, പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) ബൾക്ക് പേമെന്റ് സംവിധാനമായ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ (എൻ.എ.സി.എച്ച്.) സേവനം ഓഗസ്റ്റ് ഒന്നുമുതൽ എല്ലാ ദിവസവും ലഭ്യമാകും.

വൈദ്യുതി, ടെലിഫോൺ ഉൾപ്പെടെയുള്ള ബില്ലുകളുടെ പേമെന്റ്, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി., ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടിൽനിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവർത്തിക്കുന്നത് ഇതേ പ്ലാറ്റ്‌ഫോമിൽ തന്നെയാണ്.

എസ്.ഐ.പി.കളോ വായ്പാ ഇ.എം.ഐ.യോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കിൽ അവധിദിവസമാണെങ്കിലും അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും.

നിലവിൽ ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരുന്നു എൻ.എ.സി.എച്ച്. പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവർത്തിക്കും. അതായത്, എൻ.എ.സി.എച്ച്. ഉപയോഗിക്കുന്ന ശമ്പള-പെൻഷൻ വിതരണ സംവിധാനത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ ശമ്പളം നിശ്ചിത തീയതിയിൽത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും.