മുംബൈ: ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ നിയന്ത്രിക്കാനായി ആർ.ബി.ഐ. നടപ്പാക്കുന്ന ‘ടോക്കണൈസേഷൻ’ ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. ഇതിനുള്ള മുന്നൊരുക്കങ്ങളുമായി ബാങ്കുകളും കാർഡ് കമ്പനികളും ഫിൻടെക് കമ്പനികളും നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. അതേസമയം, ടോക്കണൈസേഷൻ നടപ്പാക്കുന്നത് നീട്ടണമെന്ന് ടെക് - ഇന്റർനെറ്റ് രംഗത്തെ കൂട്ടായ്മകൾ ആർ.ബി. ഐ.യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സമയപരിധി നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. സൈബർ ആക്രമണങ്ങൾ രൂക്ഷമായ ഇക്കാലത്ത് കാർഡ് വിവരങ്ങൾ വെബ്സൈറ്റുകൾ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ആർ.ബി.ഐ. നിലപാട്. കാർഡ് നൽകിയ ബാങ്കിനും ബന്ധപ്പെട്ട നെറ്റ്‌വർക്കിനുമല്ലാതെ മറ്റൊരുസ്ഥാപനത്തിനും കാർഡ് നമ്പറും വിവരങ്ങളും അതേപടി സൂക്ഷിക്കാൻ ഇനി അനുവാദമുണ്ടാകില്ല.

എന്താണ് ടോക്കണൈസേഷൻ?
കാർഡ് നമ്പറിനുപകരം ഓൺലൈൻ ഇടപാടിന് ഒരു ഡിജിറ്റൽ ടോക്കൺ നമ്പർ ലഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറുകൾക്കുപകരം ഉപയോഗിക്കാവുന്ന 16 അക്കങ്ങളുള്ള നമ്പറായിരിക്കും ഇത്. ടോക്കണൈസേഷനിൽ താത്പര്യമില്ലെങ്കിൽ കാർഡ് നമ്പറും മറ്റു വിവരങ്ങളും ഓരോ ഇടപാടിനും നൽകാം. ടോക്കൺ നമ്പർ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് ശേഖരിക്കാനും ഉപഭോക്താവിന്റെ അനുമതി വേണം. ഓരോ സൈറ്റിനും ഓരോ ടോക്കൺ നമ്പറാകും ഉണ്ടാകുക. ടോക്കണൈസേഷന് ഫീസ് ഈടാക്കാൻ പാടില്ല.