2020ലെ നാലമാത്തെ ദ്വൈമാസ പണവായ്പാവലോകന യോഗത്തില്‍ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചത് വായ്പയെടുത്തവര്‍ക്ക് ഗുണംചെയ്യില്ല.

കോവിഡ് വ്യാപനംമൂലം ശമ്പളം കുറയ്ക്കല്‍, തൊഴില്‍നഷ്ടം തുടങ്ങിയവ നേരിടുന്ന സാഹചര്യത്തില്‍ പ്രതിമാസ തിരിച്ചടവിന്റെ ഭാരം കുറയുന്നത് എന്തുകൊണ്ടും ആശ്വാസകരമാണ്. അതിനുള്ള സാധ്യതയാണ് ഇല്ലാതായത്. 

അതേസമയം, ബാങ്ക് നിക്ഷേപകര്‍ക്ക് ആര്‍ബിഐയുടെ തീരുമാനം ആശ്വാസകരമാണ്. എഫ്ഡിയുടെ പലിശനിരക്ക് കുറയ്ക്കുന്നത് തല്‍ക്കാലം ബാങ്കുകള്‍ നിര്‍ത്തിവെച്ചേക്കാം.

ബാഹ്യ സൂചിക അടിസ്ഥാനമാക്കി വായ്പടെയുത്തവര്‍ നിലവിലുള്ള പ്രതിമാസ നിരക്കുതന്നെ തുടര്‍ന്നും അടയ്‌ക്കേണ്ടിവരും. ബാങ്ക് നിങ്ങളുടെ വായ്പ അക്കൗണ്ടിലെ റിസ്‌ക് പ്രീമിയം ഉയര്‍ത്തുകയാണെങ്കില്‍ ഇഎംഐയില്‍ വര്‍ധനവുണ്ടാകാനുമിടയുണ്ട്. 

വായ്പ പലിശ കുറയ്ക്കുന്നതിനനുസരിച്ചാണ് ബാങ്ക് സ്ഥിര നിക്ഷേപ പലിശയിലും അതിന് ആനുപാതികമായി ബാങ്കുകള്‍ കുറവുവരുത്തുന്നത്.

ഇതിനുമുമ്പ് സെപ്റ്റംബര്‍ 10നാണ് എസ്ബിഐ നിക്ഷേപ പലിശ നിരക്കില്‍ ശരാശരി 20 ബേസിസ് പോയന്റിന്റെ കുറവുവരുത്തിയത്. ഇതോടെ ഒരുവര്‍ഷത്തെ പലിശ 4.9ശതമാനമായി കുറഞ്ഞു. 

തുടര്‍ച്ചയായി മൂന്നാമത്തെ പാദത്തിലും ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കാത്തത് നിക്ഷേപകര്‍ക്ക് ആശ്വാസമാണ്. 

ഒക്ടോബര്‍ ഒമ്പതിന് അവസാനിച്ച എംപിസി യോഗത്തില്‍ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്‌സ് റിപ്പോനിരക്ക് 3.35ശതമാനത്തിലും നിലനിര്‍ത്താനാണ് ആര്‍ബിഐ തീരുമാനിച്ചത്. പണപ്പെരുപ്പ് നിരക്ക് വര്‍ധിക്കുന്നതും രാജ്യത്തെ വളര്‍ച്ചാഅനിശ്ചിതത്വവും കാരണം ഇത്തവണ നിരക്കില്‍മാറ്റംവരുത്തുന്നതില്‍നിന്ന് ആര്‍ബിഐ വിട്ടുനില്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.