ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവുകള്‍ക്കുള്ള മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

രാജ്യമൊട്ടാകെയുള്ള അടച്ചിടല്‍ വിവിധ ഘട്ടങ്ങളിലായി മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടാന്‍ തീരുമാനിച്ചത്. ഇതോടെ ഓഗസ്റ്റ് 31വരെ വായ്പ തിരിച്ചടവുകള്‍ മാറ്റിവെയ്ക്കാം.

നേരത്തെ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടല്‍മൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസമാകും.