ന്ത്യൻ സമ്പദ്‌ഘടനയിൽ ഒരു മുരടിപ്പ്‌ ദൃശ്യമാണ്‌. അതുകൊണ്ടുതന്നെ ഒക്ടോബർ മൂന്ന്‌ - നാല്‌ തീയതികളിൽ ചേരുന്ന റിസർവ്‌ ബാങ്കിന്റെ പണനയ സമിതിയുടെ അവലോകന യോഗം വളരെ പ്രധാനപ്പെട്ടതാണ്‌. ആദ്യം സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയ ശേഷം പണനയ സമിതിയുടെ തീരുമാന സാദ്ധ്യതകൾ എങ്ങനെയായിരിക്കുമെന്ന്‌ നോക്കാം.

ഇന്നത്തെ സാമ്പത്തിക സ്ഥിതി:
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌ഘടനയിൽ ഒന്നാണ്‌ ഇന്ത്യയെങ്കിലും കഴിഞ്ഞ ആറുപാദങ്ങളിലായി ഇന്ത്യയുടെ ജി.ഡി.പി. വളർച്ച തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്‌. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ (ഏപ്രിൽ - ജൂൺ) വളർച്ച കഴിഞ്ഞ വർഷത്തെ 7.9 ശതമാനത്തിൽ നിന്ന്‌ 5.6 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇതേ കാലത്തെ മൊത്തം മൂല്യവർദ്ധന (ജി.വി.എ.) യിലെ വളർച്ച 7.6 ശതമാനത്തിൽ നിന്ന്‌ 5.6 ശതമാനമായും ഇടിഞ്ഞിരിക്കുന്നു.

കാർഷിക മേഖലയിൽ 2.3 ശതമാനത്തിന്റെയും നിർമിതോത്‌പാദന മേഖലയിൽ 1.2 ശതമാനത്തിന്റെയും ഖനനമേഖലയിൽ 0.7 ശതമാനത്തിന്റെയും വളർച്ച കൈവരിക്കുന്നതിനേ ഒന്നാം പാദത്തിൽ കഴിഞ്ഞിട്ടുള്ളൂ. ജി.എസ്‌.ടി. യുടെ പേരിൽ ഉത്‌പാദനം കുറച്ചതും നോട്ടുകൾ അസാധുവാക്കിയതിന്റെ ആഘാതവുമാണ്‌ കുറഞ്ഞ സാമ്പത്തിക വളർച്ചയ്ക്ക്‌ കാരണം.
ജി.ഡി.പി. മാത്രമല്ല മറ്റ്‌ സ്ഥൂല സാമ്പത്തിക സൂചകങ്ങളും അനുകൂല ഫലമല്ല കാണിക്കുന്നത്‌.

ജൂലായ്‌ അവസാനം വരെയുള്ള ധനക്കമ്മി ജി.ഡി.പി.യുടെ 92.4 ശതമാനത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞവർഷമിത്‌ 73.7 ശതമാനമായിരുന്നു. അതുപോലെ തന്നെ കറന്റ്‌ അക്കൗണ്ട്‌ കമ്മി ഒന്നാംപാദത്തിൽ ജി.ഡി.പി.യുടെ 2.4 ശതമാനത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞവർഷമിത്‌ 0.1 ശതമാനം മാത്രമായിരുന്നു. ഏപ്രിൽ - ഓഗസ്റ്റ്‌ കാലത്ത്‌ കയറ്റുമതി 8.57 ശതമാനം ഉയർന്നപ്പോൾ ഇറക്കുമതി കൂടിയത്‌ 26.3 ശതമാനം ആണ്‌. ഇക്കാലത്തെ വ്യാപാരകമ്മിറ്റി 6314 കോടി ഡോളറിന്റേതാണ്‌.

മൊത്ത സ്ഥിരമൂലധന സമാഹരണം 2011-12 ലെ 34.3 ശതമാനത്തിൽ നിന്ന്‌ ഇപ്പോൾ 27.5 ശതമാനമായി കുറഞ്ഞിരിക്കുന്നു. സ്വകാര്യ മുതൽമുടക്ക്‌ മൊത്തത്തിൽ ഇടിഞ്ഞു. വിദേശ പ്രത്യക്ഷ നിക്ഷേപം നിലവിലെ ആസ്തികൾ വാങ്ങുന്നതിനാണ്‌ ഉപയോഗിക്കുന്നത്‌. അത്‌ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ കൂട്ടുന്നതിനും സഹായകമല്ല.

പത്തി താഴ്ത്തി നിന്നിരുന്ന പണപ്പെരുപ്പം വീണ്ടും തലപൊക്കാൻ തുടങ്ങിയിരിക്കുന്നു. ഓഗസ്റ്റ്‌ മാസത്തിൽ ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റം 3.36 ശതമാനം ഉയർന്നപ്പോൾ മൊത്ത വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റം 3.24 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ ചില്ലറവിലക്കയറ്റം 3.36 ശതമാനം ഉയർന്നപ്പോൾ മൊത്ത വിലക്കയറ്റം 5.75 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും ഉയർന്ന വിലയാണ്‌ വിലക്കയറ്റത്തിലേക്ക്‌ നയിച്ചത്‌.

വിലക്കയറ്റം ഇനിയും കൂടുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഡീസലിന്റെയും പെട്രോളിന്റേയും വിലക്കയറ്റം, ഉയർന്ന വീട്ടുവാടകച്ചെലവ്‌, പല സംസ്ഥാനങ്ങളിലുമുണ്ടായ അതിവർഷം, ചരക്കുസേവന നികുതി നടപ്പിലാക്കൽ എന്നിവ പണപ്പെരുപ്പത്തിന്‌ ശക്തി പകരുമെന്നു വേണം കരുതാൻ

സമിതിയുടെ മുന്നിലെ വെല്ലുവിളി: 
ഒരു ഭാഗത്ത്‌ ഉത്‌പാദനത്തിലെ മുരടിപ്പ്‌ , മറുഭാഗത്ത്‌ ഉയർന്നു കൊണ്ടിരിക്കുന്ന പണപ്പെരുപ്പം. ഇത്തരം ഒരു സന്ദർഭത്തിലാണ്‌ പണനയ സമിതിയോഗം ചേരുന്നത്‌. സാമ്പത്തിക വളർച്ചയ്ക്ക്‌ ശക്തിപകരുന്നതിനോ വിലക്കയറ്റം തടയുന്നതിനോ ഏതിനാണ്‌ ആർ.ബി.ഐ.യുടെ പണനയ സമിതി ഊന്നൽ നൽകുകയെന്നാണ്‌ ഇന്ത്യൻ സാമ്പത്തിക രംഗം ഉറ്റുനോക്കുന്നത്‌.

പലിശനിരക്ക്‌ കുറച്ച്‌ സാമ്പത്തിക വളർച്ചയ്ക്ക്‌ ശക്തിപകരണമെന്ന അഭിപ്രായമാണ്‌ കേന്ദ്രസർക്കാരിനും വ്യവസായ വാണിജ്യ മേഖലകൾക്കുമുണ്ടാവുക. മറിച്ച്‌ തങ്ങളെ ഏല്പിച്ച പണപ്പെരുപ്പ ലക്ഷ്യം മറികടക്കാതെ സൂക്ഷിക്കുകയെന്നതാണ്‌ ആർ.ബി.ഐ. യ്ക്ക്‌ ഉള്ളത്‌. എന്നാൽ സർക്കാർ നോമിനികൾ കൂടി ഉള്ളതുകൊണ്ട്‌ പണനയസമിതി കാര്യമായ വിലയിരുത്തലുകൾക്ക്‌ ശേഷമേ ഒരു അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ.

പണപ്രദാനം കൂട്ടി സാമ്പത്തിക വളർച്ചയ്ക്ക്‌ ഊന്നൽ നൽകുന്ന ‘അക്കൊമഡേറ്റീവ്‌’ നയത്തിൽ നിന്ന്‌ മാറി പണപ്പെരുപ്പത്തിന്‌  കാര്യമായി വഴിവെയ്ക്കാത്ത ‘ന്യൂട്രൽ’ നയത്തിനാണ്‌ ആർ.ബി.ഐ. ഊന്നൽ നൽകുന്നത്‌. കേന്ദ്രസർക്കാരും കേന്ദ്രബാങ്കും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലുള്ള യുക്തമായ പണപ്പെരുപ്പ  ലക്ഷ്യം നാല്‌ ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്‌. ആ അതിർത്തി ലംഘിക്കപ്പെടുമ്പോൾ ആർ.ബി.ഐ. കേന്ദ്രത്തോട്‌ ഉത്തരം പറയണം. അതിനാൽ ആർ.ബി.ഐ. അതിന്റെ നിലപാടിൽ മാറ്റം വരുത്താനോ പലിശ നിരക്കിൽ മാറ്റം വരുത്താനോ തുനിയുമെന്ന്‌ തോന്നുന്നില്ല. മാത്രമല്ല വരും മാസങ്ങളിൽ പണപ്പെരുപ്പ നിരക്ക്‌ കൂടുന്നതിനുള്ള സാദ്ധ്യതകൾ കാണുന്നുമുണ്ട്‌.

2015 ജനുവരി മുതൽ ഇതുവരെയായി റിപ്പോ നിരക്കിൽ രണ്ടുശതമാനം കുറവ്‌ വരുത്തിയിട്ടും ബാങ്കുകൾ പലിശ നിരക്ക്‌ വെറും 1.2 ശതമാനം മാത്രമാണ്‌ കുറച്ചത്‌. ബാങ്കുകളുടെ ഉയർന്ന കിട്ടാക്കടം അവരെ വായ്പ നൽകുന്നതിൽ നിന്ന്‌ പിന്നോട്ട്‌ വലിക്കുന്നുണ്ട്‌. അതിനാൽ റിസർവ്‌ ബാങ്ക്‌ പലിശ നിരക്ക്‌ കുറച്ചാലും ബാങ്കുകൾ വായ്പാ നിരക്ക്‌ കുറയ്ക്കണമെന്നില്ല. അതും കേന്ദ്രബാങ്കിനെ പിന്തിരിപ്പിക്കുന്നതിന്‌ കാരണമാണ്‌.

ഉത്‌പാദന മേഖലയിലെ മാന്ദ്യം സംരംഭകരെ കടമെടുക്കുന്നതിൽ നിന്ന്‌ പിന്നോട്ട്‌ വലിക്കുന്നു. നിലവിലുള്ള മിക്ക വ്യവസായങ്ങളും അവയുടെ ശേഷിയുടെ 70-75 ശതമാനം മാത്രമേ വിനിയോഗിക്കുന്നുള്ളൂ. അതിനാൽ പലിശ കുറച്ചാലും അത്തരം സംരംഭങ്ങൾ വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുമെന്ന്‌ തോന്നുന്നില്ല. നിലവിലെ മാന്ദ്യം കാരണം പുതുസംരംഭകരും ആശയക്കുഴപ്പത്തിലാണ്‌. ‘മെയ്‌ക്ക്‌ ഇൻ ഇന്ത്യ’യുടെ സ്ഥിതി എല്ലാവർക്കും അറിയാമല്ലോ ? ഉപഭോഗവസ്തുക്കളുടെയും ദീർഘകാല ഉപഭോഗ വസ്തുക്കളുടെയും മൂലധന ചരക്കുകളുടെയും ഡിമാൻഡിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാവുന്നില്ലെങ്കിൽ വായ്പാ ആവശ്യം ഉയരണമെന്നില്ല. ഇത്തരമൊരവസ്ഥയിൽ ആർ.ബി.ഐ. മുഖ്യനിരക്കിൽ മാറ്റം വരുത്തുമെന്ന്‌  തോന്നുന്നില്ല.  അല്ലെങ്കിൽ സർക്കാർ ഭാഗത്തു നിന്ന്‌ അത്ര ശക്തമായ സമ്മർദമുണ്ടാവണം.

പണനയം കൊണ്ടുമാത്രം സാമ്പത്തിക വളർച്ചയ്ക്ക്‌  ശക്തികൂട്ടാൻ കഴിയില്ല. പണനയത്തോടൊപ്പം ധനനയവും വരുമാനനയവും സംയുക്തമായി നടപ്പിലാക്കണം. ജനങ്ങളുടെ ക്രയശേഷി കൂട്ടണം. പൊതുവ്യയം കൂട്ടിയും നികുതികൾ കുറച്ചും പണതേര മാർഗങ്ങളിലൂടെ പണപ്പെരുപ്പം കുറച്ചും സമ്പദ്‌ഘടനയ്ക്ക്‌ ശക്തി പകരണം. അതിന്‌  കേന്ദ്രസർക്കാർ തയ്യാറാവണം.

(സംസ്ഥാന ആസൂത്രണ ബോർഡ്‌ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്‌ ലേഖകൻ)