മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യുടെ ചെയര്‍മാനായി രജനീഷ് കുമാര്‍ (59) നിയമിതനായി. എസ്.ബി.ഐ.യുടെ ദേശീയ ബാങ്കിങ് ഗ്രൂപ്പിന്റെ ചുമതലയുള്ള മാനേജിങ് ഡയറക്ടറാണ് നിലവില്‍ അദ്ദേഹം. നിലവിലെ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതോടെ രജനീഷ് ചുമതലയേല്‍ക്കും. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.

1980-ല്‍ എസ്.ബി.ഐ.യില്‍ പ്രൊബേഷനറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച രജനീഷ് ക്രെഡിറ്റ്, പ്രോജക്ട് ഫിനാന്‍സ്, വിദേശനാണ്യ വിനിമയം, റീട്ടെയില്‍ ബാങ്കിങ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്.ബി.ഐ.ക്കു വേണ്ടി കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുമുണ്ട്. എസ്.ബി.ഐ.യുടെ മര്‍ച്ചന്റ് ബാങ്കിങ് വിഭാഗമായ എസ്.ബി.ഐ. കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സിന്റെ സി.ഇ.ഒ. ആയിരുന്നു.

കിട്ടാക്കടം ഉയര്‍ത്തുന്ന വെല്ലുവിളിയില്‍നിന്ന് ബാങ്കിനെ കരകയറ്റുകയാണ് പുതിയ ചെയര്‍മാന്റെ മുന്നിലുള്ള ഏറ്റവും വലിയ ദൗത്യം. എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.ഐ.യില്‍ ലയിപ്പിച്ചെങ്കിലും സംയോജനം പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കും. ഇത് എളുപ്പമാക്കുന്ന ദൗത്യവും അദ്ദേഹത്തിനു മുന്നിലുണ്ട്.

2013 മുതല്‍ ചെയര്‍മാന്‍ പദവിയിലുള്ള അരുന്ധതി ഭട്ടാചാര്യക്ക് ലയനപ്രക്രിയ പൂര്‍ത്തിയാക്കാനായി 2016 ഒക്ടോബറില്‍ ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടിക്കൊടുത്തിരുന്നു. അതു തീരുന്ന സാഹചര്യത്തിലാണ് രജനീഷ് ബാങ്കിന്റെ തലപ്പത്തെത്തുന്നത്.