കൊച്ചി: കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ  നടപ്പാക്കിയ പോസ്റ്റ്മാൻ മൊബൈൽ ആപ്പ് വൻവിജയം.  കാസർകോട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, ജില്ലകളിലാണ് പോസ്റ്റ്മാൻ മൊബൈൽ ആപ്പ് നടപ്പാക്കിയത്. പദ്ധതി വിജയമായതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇത്  വ്യാപിപ്പിക്കാൻ  ഒരുങ്ങുകയാണ് തപാൽ വകുപ്പ്. പോസ്റ്റ്മാന്റെ ജോലികൾ കടലാസ് രഹിതമാകുന്നതിന്റെ ആദ്യപടിയാണിത്. 
 
സാധാരണ ഓഫീസുകളിൽനിന്ന്‌ ഡെലിവറി സ്ലിപ്പുകൾ കൊണ്ടുപോയി അതിൽ ഒപ്പിട്ടുവാങ്ങുകയാണ് ചെയ്യുന്നത്. പിന്നീട് ഇത് ഓഫീസിലെത്തി വിതരണം സംബന്ധിച്ച വിവരം മേലുദ്യോഗസ്ഥനെ ഏൽപ്പിക്കണം. ഈ സമയം ലാഭിക്കാൻ പുതിയ ആപ്പിലൂടെ സാധിക്കും. 

പോസ്റ്റ്മാൻ മൊബൈൽ ആപ്പ്
മൊബൈൽ ടെക്‌നോളജിയും തപാൽ വകുപ്പിന്റെ സോഫ്റ്റ്‌വേറും ഉപയോഗിച്ച് ഒരുക്കിയ ആപ്പാണിത്. തപാൽ വിതരണ കൃത്യത ഉറപ്പുവരുത്താൻ ഇതിലൂടെ കഴിയും. പോസ്റ്റ്മാന്മാർക്ക് മാത്രമുള്ള ആപ്പാണെങ്കിലും ഡെലിവറി സംബന്ധിച്ച വിവരങ്ങൾ ട്രാക്ക് ചെയ്യാൻ അയക്കുന്ന ആൾക്ക് സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
 
റസീറ്റിൽ ഒപ്പിട്ട് വാങ്ങുന്നതിനുപകരം ആപ്പിൽ ഒപ്പ് രേഖപ്പെടുത്താം. ഡെലിവറി സംബന്ധിച്ച വിവരം അപ്പോൾത്തന്നെ കേന്ദ്ര സർവറിലേക്ക് പോകും. ഉപഭോക്താക്കളുടെ ഒപ്പ് ദുരുപയോഗംചെയ്യാതിരിക്കാൻ പ്രത്യേക ഡേറ്റാ സെക്യൂരിറ്റിസംവിധാനവും ഒരുക്കിയിട്ടുണ്ട്.