പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പള വര്‍ധന പ്രകടനം അടിസ്ഥാനമാക്കി. ഇതാദ്യമായാണ് പൊതുമേഖല ബാങ്കുകളില്‍ പ്രകടനം അടിസ്ഥാനമാക്കി ശമ്പളം നിശ്ചയിക്കുന്നത്. 

ബാങ്ക് മാനേജുമെന്റുകള്‍ ട്രേഡ് യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ജീവനക്കാര്‍ക്ക് 15ശതമാനം ശമ്പളവര്‍ധന നല്‍കാന്‍ ധാരണയായത്. 2017 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന നടപ്പാക്കുക. 

മുന്‍ധാരണപ്രകാരമുള്ള 4,725 കോടി രൂപയേക്കാള്‍ 7,898 കോടി രൂപ അധിക ബാധ്യതയാണ് ശമ്പളവര്‍ധനവിലൂടെ ബാങ്കുകള്‍ക്കുണ്ടാകുക. 

പെന്‍ഷനായുള്ള എന്‍പിഎസ് വിഹിതത്തിലും വര്‍ധനവരുത്തിയിട്ടുണ്ട്. നേരത്തെ അടിസ്ഥാനശമ്പളത്തിന്റെ 10ശതമാനമായിരുന്നത് 14ശതമാനമായാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാരിന്റെ അനുമതി പ്രകാരമായിരിക്കും ഇതുനടപ്പാക്കുക.

കുടുംബ പെന്‍ഷനുള്ള പരിധി നീക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പരമാവധി ലഭിക്കുന്ന കുടംബ പെന്‍ഷന്‍ 9,000 രൂപയായിരുന്നു. 38 ബാങ്കുകളിലെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവിന്റെ ഗുണംലഭിക്കും.