ഡിജിറ്റൽ സാങ്കേതികവിദ്യ ബാങ്കിങ് മേഖലയിൽ വൻകുതിപ്പുണ്ടാക്കിയതോടെ ഓൺലൈനായി പണമിടപാട് നടത്താൻ ഒന്നോരണ്ടോ ക്ലിക്കുകൾ കൊണ്ടുകഴിയും. 

നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി), റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്(ആർടിജിഎസ്), ഇമ്മീഡിയറ്റ് പേയ്മന്റെ് സർവീസസ്(ഐഎംപിഎസ്) എന്നിവയാണ് അതിൽ പ്രധാനം. ഓരോ സംവിധാനത്തിന്റെയും സവിശേഷതകൾ പരിശോധിക്കാം.

എൻഇഎഫ്ടി
എൻഇഎഫ്ടിവഴി 24 മണിക്കൂറും പണംകൈമാറാൻ കഴിയും. അരമണിക്കൂർ ഇടവിട്ട് ബാച്ചുകളായാണ് ഇടപാട് നടക്കുന്നത്. അതായത്, പണംകൈമാറിയ ഉടനെ ലഭിക്കേണ്ടയാളുടെ അക്കൗണ്ടിൽ എത്തുകയില്ലെന്ന് ചുരുക്കം. എൻഇഎഫ്ടിവഴി ഒരാൾക്ക് കൈമാറാൻ കഴിയുന്ന തുകയ്ക്ക് പരിധിയൊന്നുമില്ല. അതേസമയം, ബാങ്കുകൾക്കനുസരിച്ച് ഇടപാടുതുകയുടെ പരിധിയിൽ മാറ്റമുണ്ടാകും. പണംകൈമാറുന്നതിന് ഗുണഭോക്താവിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി എന്നിവ നൽകേണ്ടതുണ്ട്. 

ആർടിജിഎസ്
ഈ സംവിധാനംവഴി ഒറ്റത്തവണ കൈമാറാൻ കഴിയുന്ന കുറഞ്ഞതുക രണ്ടുലക്ഷം രൂപയാണ്. പരമാവധി എത്രതുകവേണമെങ്കിലുമാകാം. 

യുപിഐ
നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുടെ മാനദണ്ഡമനുസരിച്ച് യുപിഐ ഇടപാടിന്റെ ഉയർന്നപരിധി ഒരുലക്ഷം രൂപയാണ്. മിക്കവാറും ബാങ്കുകൾ ഈ പരിധിതന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. വ്യത്യസ്ത ഇടാപാടുകൾ നടത്തിയാലും ഒരുദിവസത്തെ പരമാവധി തുക ഒരുലക്ഷം രൂപമ്രാതമാണ്. 

യുപിഐ, എൻഇഎഫ്ടി, ആർടിജിഎസ് എന്നിവവഴിയുള്ള പണമിടപാടുകൾക്ക് പ്രധാനമായും രണ്ട് വ്യത്യാസങ്ങളാണുള്ളത്. എൻഇഎഫ്ടി, ആർടിജിഎസ് വഴിയുള്ള പണമിടപാടിന് മിക്കവാറും ബാങ്കുകൾ 2 മുതൽ 10 ലക്ഷം രൂപവരെ പരിധി നിശ്ചയിച്ചിട്ടുണ്ട്. 25 ലക്ഷം രൂപമുതൽ രണ്ടുകോടി രൂപവരെ ഇടപാട് അനുവദിക്കുന്ന ബാങ്കുകളുമുണ്ട്. യുപിഐവഴിയാണെങ്കിൽ പരമാവധി ഒരുലക്ഷം രൂപയുമാണ്.

രണ്ടാമത്തേത്, പണംകൈമാറ്റത്തിന് എടുക്കുന്ന സമയമാണ്. യുപിഐ ഇടപാടുകൾ തൽക്ഷണംനടക്കും. ആർടിജിഎസ് വഴിയാണെങ്കിൽ അരമണിക്കൂറിലധികം സമയമെടുത്തേക്കാം. ബാച്ചുകളായാണ് എൻഇഎഫ്ടി വഴിയുള്ള ഇടപാട് പ്രൊസസ് ചെയ്യുന്നത്. ഇടപാടിനുള്ള തുകയനുസരിച്ചായിരിക്കണം ഏതുവഴി വേണമെന്ന് തീരുമാനിക്കേണ്ടത്.

Online Banking: Know the features of NEFT, RTGS and UPI