പാലക്കാട്: ബാങ്ക് ശാഖ സന്ദർശിക്കാതെ ഉപഭോക്താക്കൾക്ക് പുതിയ സേവിങ്‌സ് ബാങ്ക് (എസ്.ബി.) അക്കൗണ്ട് തുറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ.) സൗകര്യമൊരുങ്ങുന്നു. ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ ‘എസ്.ബി.ഐ. യോനോ’യിലൂടെയാണ് ഇത് നടപ്പാക്കുന്നത്.

വീഡിയോ രൂപത്തിലുള്ള കെ.വൈ.സി.(ഉപഭോക്താവിനെ അറിയുക) ചോദ്യാവലി അടിസ്ഥാനമാക്കി അക്കൗണ്ട് തുറക്കാനുള്ള സൗകര്യമാണ് യോനോ ആപ്പിൽ ഒരുക്കുക.

സമ്പർക്കരഹിത, പേപ്പർരഹിത അക്കൗണ്ട് തുറക്കാൻ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും. നിർമിതബുദ്ധി, മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംവിധാനം.

കോവിഡ് പശ്ചാത്തലത്തിൽ കുറേപ്പേർക്ക് ഇത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് നടപ്പാക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ, സാമ്പത്തികസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന്റെ തുടർനടപടികളാണിതെന്ന് എസ്.ബി.ഐ. വൃത്തങ്ങൾ പറഞ്ഞു.