തിരുവനന്തപുരം: ഞായറാഴ്ചമുതൽ കേരളം അവധിയിലായി. ഓണവും മുഹറവും രണ്ടാംശനിയും ഞായറും ഒക്കെച്ചേർന്ന് തുടർച്ചയായുള്ള അവധിക്കുശേഷം സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി 16-നേ തുറക്കൂ. തിങ്കളാഴ്ച മുഹറമാണെങ്കിലും ബാങ്കവധിയില്ല. മൂന്നാംഓണമായ വ്യാഴാഴ്ചയും ബാങ്ക് പ്രർത്തിക്കും. അവധി തുടങ്ങിയതോടെ എ.ടി.എമ്മുകളിൽ പണക്ഷാമമുണ്ട്.

ശനിയാഴ്ച ഉച്ചയോടെതന്നെ സെക്രട്ടേറിയറ്റ് അടക്കം മിക്ക സർക്കാർ ഓഫീസുകളും ഒഴിഞ്ഞു തുടങ്ങിയിരുന്നു. അടുത്ത ഞായറാഴ്ചവരെ തുടർച്ചയായി എട്ടുദിവസമാണ് സർക്കാർ ഓഫീസുകൾക്ക് അവധി. മുഹറത്തിന് കേന്ദ്രസർക്കാരും അവധി നൽകി.

ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തിദിനമായ ചതയം എന്നീ ദിവസങ്ങളിലും രണ്ടാംശനിയായ 14-നും ബാങ്കില്ല. 15-നു ഞായറാഴ്ചയായതിനാൽ അന്നും അവധി.

ബാങ്കുകളുടെ പ്രവർത്തനം തിങ്കളും വ്യാഴവും മാത്രമായതിനാൽ ഈ ദിവസങ്ങളിൽ ഇടപാടുകാരുടെ തിരക്കുകൂടും.

ശനിയാഴ്ച രാത്രിതന്നെ പലയിടത്തും എ.ടി.എമ്മുകളിൽ പണം കിട്ടാതായി. രണ്ടുപ്രവൃത്തി ദിവസങ്ങളിലും ഏജൻസികളും ബാങ്കുകളും എ.ടി.മ്മുകളിൽ പണം നിറയ്ക്കും. കൂടാതെ, അവധി ദിവസങ്ങളാണെങ്കിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ ഏജൻസികൾക്ക് എസ്.ബി.ഐ. അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

എല്ലാബാങ്കുകളും സമാനനടപടികൾ എടുത്താൽപ്പോലും ശനി, ഞായർ ദിവസങ്ങളിൽ പ്രതിസന്ധി ഉണ്ടായേക്കുമെന്ന സൂചനയാണ് വിവിധ ബാങ്കുകളിലെ ജീവനക്കാർ നൽകുന്നത്. കൂടുതൽ പണം നൽകാൻ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിറച്ചാൽ ചെറിയനോട്ടുകൾ കിട്ടാതാകും.

content highlights: onam vacation kerala