കൊച്ചി: രാജ്യത്ത് എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും കൂടി കിട്ടാക്കടം 7.24 ലക്ഷം കോടി രൂപയായി ഉയർന്നു. 2017 ഡിസംബർ 31-ലെ കണക്ക് പ്രകാരമാണ് ഇത്. 2014 മാർച്ച് 31-ന് ഇത് 2.17 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ഏതാണ്ട് മൂന്നര മടങ്ങ് വർധനയാണ് ഈ കാലയളവിൽ മൊത്തം കിട്ടാക്കടത്തിന്റെ കാര്യത്തിലുണ്ടായത്.

എസ്.ബി.ഐ., ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ. ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയാണ് കിട്ടാക്കടത്തിൽ മുന്നിൽ. അസോസിയേറ്റ് ബാങ്കുകൾ തങ്ങളിൽ ലയിപ്പിച്ചതോടെ, എസ്.ബി.ഐ.യുടെ കിട്ടാക്കടം വൻതോതിൽ കൂടി.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ആർ.ബി.ഐ. നൽകിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്. 2014 ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കണക്കുകൾ തങ്ങളുടെ കൈവശമില്ലെന്ന് ആർ.ബി.ഐ. അറിയിച്ചു.