മുംബൈ: ബജറ്റിനു ശേഷമുള്ള ആദ്യത്തേയും സാമ്പത്തിക വര്‍ഷത്തെ അവസാനത്തേതുമായ വായ്പാവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റിവേഴ്‌സ് റിപ്പോയാകട്ടെ 3.35 ശതമാനവുമാണ്. 

സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും ഗുണകരമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് നിരക്കുകളില്‍ നാലാംതവണയും മാറ്റം വരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയതും അനുകൂലഘടകമായാണ് ആര്‍.ബി.ഐ. വിലയിരുത്തുന്നത്. 

നിലവിലുള്ള നിരക്ക് തുടരുന്നതിനാണ് എം.പി.സി. യോഗത്തില്‍ അംഗങ്ങളില്‍ മുഴുവന്‍ പേരും വോട്ടു ചെയ്തത്. ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് സമിതി തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. 

വിപണിയില്‍ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോണ്ട് വില്പനയിലൂടെയാണ് ആര്‍.ബി.ഐ. വിപണിയില്‍ ഇടപെടല്‍ നടത്തിയത്. ഇതോടെ ബോണ്ടില്‍നിന്നുള്ള ആദായം കുതിച്ചുകയറുകയുംചെയ്തു.

MPC maintains status quo, keeps repo rate at 4%