രാവിലെ സിഡ്നിയില്‍നിന്നും സുഹൃത്തിന്റെ ഫോണ്‍ കോള്‍. എറണാകുളത്തുള്ള ഫ്ളാറ്റിന്റെ വായ്പ മൂന്നുമാസത്തേക്ക് അടയ്ക്കാതെ അവധിയെടുക്കാനുള്ള അവസരത്തെപ്പറ്റി പറയാന്‍ ബാങ്കില്‍നിന്നും ബന്ധപ്പെട്ടു എന്നുപറഞ്ഞു. ഈ അവധി പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്ന് അതോടെ സംശയമായി.

ഇതേ അവസ്ഥയിലാണ് വായ്പയെടുത്തിട്ടുള്ള എല്ലാവരും. വായ്പ അടയ്ക്കാന്‍ സാധിക്കുമെങ്കില്‍ മറിച്ച് ചിന്തിക്കേണ്ട. അതായത് മോറട്ടോറിയത്തെ പാടെ അവഗണിക്കുക. വായ്പാ ഇളവ് തിരഞ്ഞെടുത്താല്‍ തിരിച്ചടവുകളുടെ എണ്ണവും അതുപോലെ തിരിച്ചടയ്ക്കേണ്ട പലിശയും ക്രമാതീതമായി കൂടും. ഒട്ടുംഅടയ്ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ മാത്രം മൊറട്ടോറിയം തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുക.

ആര്‍ബിഐ ഏപ്രില്‍ 7-ാം തീയതി ബാങ്കുകള്‍ക്ക് അയച്ച സന്ദേശത്തില്‍ മോറട്ടോറിയം എടുക്കാനുള്ള തീരുമാനം ഉപഭോക്താവിന് വിടാതെ എല്ലാവര്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉപഭോക്താവിന് വേണമെങ്കില്‍ മൊറട്ടോറിയം വേണ്ടെന്ന് ബാങ്കിനോട് ആവശ്യപ്പെടാം. 

നേരത്തെ പലബാങ്കുകളും പലരീതിയിലാണ് മൊറട്ടോറിയത്തെ സമീപിച്ചത്. ചിലര്‍ മൂന്നു മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തി. അതിനനുസരിച്ച് ഉപഭോക്താവിന് തിരിച്ചടവ് മൂന്നിലധികം മാസങ്ങള്‍ കൂടി. അതായത് മൂന്നുമാസം അടയ്ക്കാതിരിക്കുമ്പോള്‍ മൊത്തം തിരിച്ചടവിന്റെ കാലാവധി 8-10 മാസങ്ങള്‍ വെച്ച് കൂടുന്നു. 

മറ്റുചില ഉപഭോക്താക്കളെ പലതട്ടിലായി തരംതിരിച്ച് ചിലര്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് ആവശ്യപ്രകാരം കൊടുക്കുകയും ചെയ്തു. ഐഡിബിഐ പോലുള്ള ബാങ്കുകള്‍ കൂറേക്കൂടി കടന്നുചിന്തിച്ച് തവണകള്‍ കൂടാത്ത രീതിയില്‍ മൊറട്ടോറിയത്തോടുകൂടി പില്‍ക്കാലത്തെ അടവ് ചെറിയ തോതില്‍ കൂട്ടി. 

ഇത് നല്ലൊരുരീതിയായി തോന്നി. പക്ഷെ ഇതൊക്കെ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞാലേ ഒരാള്‍ക്ക് അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ.

ഉദാഹരണം പരിശോധിക്കാം. 10 ശതമാനം പലിശയും 15 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുമുള്ള 20 ലക്ഷത്തിന്റെ വായ്പയുടെകാര്യം നോക്കാം. ആദ്യം വായ്പയുടെ ഘടന മനസ്സിലാക്കാം. അതിനുശേഷം മൊറട്ടോറിയം എന്ന പ്രക്രിയ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഒരു വായ്പയുടെ പലഘട്ടങ്ങളില്‍ മൊറട്ടോറിയം കൊണ്ട് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും മനസ്സിലാക്കാം.

വായ്പയുടെ ഘടന
വായ്പയുടെ പ്രതിമാസ അടവിന് രണ്ടുഭാഗങ്ങളുണ്ട്. മുതലും പലിശയും. വായ്പയുടെ ആദ്യ മാസങ്ങളില്‍ പലിശ കൂടുതലും മുതല്‍ കുറവുമായിരിക്കും. അവസാന കാലങ്ങളില്‍ അടയ്ക്കുന്ന തുകയുടെ ഭൂരിഭാഗം മുതലിലേക്കും വളരെ കുറച്ചു മാത്രം പലിശയിലേക്കും പോവുകയാണ് പതിവ്. അതുകൊണ്ട് വായ്പയുടെ ആദ്യനാളുകളില്‍ മുതലിലേക്ക് കൂടുതല്‍ തിരിച്ചടവുകള്‍ നടത്തിയാല്‍ പലിശയിനത്തില്‍ കുറേയേറെ ലാഭിക്കാന്‍ സാധിക്കും. മുന്‍പ് പറഞ്ഞ വായ്പയുടെ ഘടന പരിശോധിക്കാം.

ആദ്യ മാസങ്ങള്‍

table 1

അവസാന മാസങ്ങള്‍

table 2

ആദ്യ മാസങ്ങളില്‍ പലിശ കൂടുതലും മുതല് കുറവും അവസാന മാസങ്ങളില്‍ മുതല് കൂടുതലും പലിശ കുറവുമാണെന്ന് കാണാം. പ്രതിമാസ അടവ് ഒന്നു തന്നെ.്അതിനാല്‍ വായ്പ അടച്ചു തീര്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ അവസാന മാസങ്ങളില്‍ വലിയ നേട്ടം ഉണ്ടാകുന്നില്ല. 

പലിശ കൂടുതല്‍ അടയ്ക്കുന്ന മാസങ്ങളില്‍ മുതലിലേക്ക് അടയ്ക്കുമ്പോള്‍ അത് പലിശ വളരെയധികം കുറയ്ക്കുവാന്‍ സഹായിക്കും. ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു കണക്ക് വിശദമാക്കാം. 

മേല്‍കാണിച്ചിട്ടുള്ള വായ്പയില്‍ 12 മാസം കഴിഞ്ഞപ്പോള്‍ മുതലിലേക്ക് 50,000 രൂപ അടയ്ക്കാന്‍ തീരുമാനിച്ചു എന്നുകരുതുക. ഇതുമൂലം പലിശയിനത്തില്‍ ലാഭിക്കുന്നത് 1,43,353 രൂപയാണ്. കൂടാതെ മാസ തവണകള്‍ 180ല്‍ നിന്ന് 171ലേക്ക് കുറയുകയും ചെയ്യും. 20 ലക്ഷത്തിന്റെ വായ്പയിന്‍മേല്‍ അടയ്ക്കുന്ന മൊത്തം പലിശ 18,68,578 രൂപയാണ്. 13-ാം മാസത്തില്‍ 50,000 രൂപ അടച്ചപ്പോള്‍ പലിശയടവ് 17,25,225 രൂപയായി കുറഞ്ഞു.

രണ്ടാമത്തെ അവസ്ഥ പരിശോധിക്കാം. ഒരാള്‍ 167-ാം മാസത്തില്‍ 50,000 രൂപ മുതലിലേക്ക് അടയ്ക്കാന്‍ തീരുമാനിക്കുന്നു. ആ സമയത്ത് മുതല് ബാക്കിയുള്ളത് 2,63,576 രൂപയാണ്. ഈ തിരിച്ചടവുകൊണ്ട് മൊത്തം തവണകളില്‍ ലാഭിക്കാന്‍ കഴിയുന്നത് വെറും 3 തവണകളാണ്. അതായത് വായ്പ 177-ാം മാസത്തില്‍ തീരും. 

മൊത്തം പലിശയിനത്തില്‍ ലാഭം വെറും 5386 രൂപയാണ്. വ്യത്യാസം കണ്ടില്ലേ? ഇനി മുതല്‍ വായ്പയില്‍ പലിശയിനത്തില്‍ കുറവ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ വായ്പയുടെ ദൈര്‍ഘ്യത്തിന്റെ ആദ്യപകുതിയില്‍ മുതലിലേക്ക് കൂടുതല്‍ അടയ്ക്കാന്‍ ശ്രമിക്കുക. 

മൊറട്ടോറിയത്തിന്റെ പ്രവര്‍ത്തനം
മൊറട്ടോറിയം എന്നാല്‍ മുമ്പ് പറഞ്ഞതു പോലെ വായ്പാ തിരിച്ചടവിലെ അവധിക്കാലമാണ്. തിരിച്ചടവ് മുടക്കുന്ന മാസങ്ങളിലെ പലിശ അതാതു മാസംതന്നെ മുതലിലേക്ക് ചേര്‍ക്കും. ഇങ്ങനെ മൂന്നു മാസം മുതലിലേക്ക് പലിശ കൂട്ടിക്കഴിയുമ്പോള്‍ അത് തിരിച്ചടയ്ക്കാനുള്ള തവണകളില്‍ വലിയ വ്യത്യാസമുണ്ടാക്കും. 

പുതിയ ലോണുകളില്‍ തവണകളുടെ എണ്ണം വല്ലാതെ കൂടും. അടച്ചു തീരാറായ വായ്പകളില്‍ ഇത് അത്രമാത്രം ആഘാതം സൃഷ്ടിക്കില്ല. നേരത്തെ കണ്ട ഉദാഹരണത്തില്‍ വായ്പയുടെ പല സമയത്ത് മൊറട്ടോറിയം സ്വീകരിച്ചാലുള്ള പ്രഭാവം പരിശോധിക്കാം.

വായ്പയുടെ ആദ്യകാലത്ത്
ഉദാഹരണത്തിന് മേല്‍പറഞ്ഞ വായ്പയില്‍ 4-ാം വര്‍ഷം 46,47,48 മാസങ്ങളിലാണ് ഒരാള്‍ മൊറട്ടോറിയം എടുക്കുന്നത് എന്ന് കരുതുക. (അതായത് മൊറട്ടോറിയം ഏര്‍പ്പെടുത്തുമ്പോള്‍ അയാള്‍ 45 അടവുകള്‍ പിന്നിട്ടു എന്ന്). ഈ മൂന്നു മാസം അയാള്‍ അടവ് മുടക്കുമ്പോള്‍ മുതലിലേക്ക് കയറുന്ന മൊത്തം തുക 43,809 രൂപയാണ്. 45-ാം മാസം മുതല് ബാക്കിയുണ്ടായിരുന്നത് 17,37,844 രൂപയാണ്. 49-ാം മാസം മുതല്‍ തുടങ്ങുമ്പോള്‍ മുതല് 17,81,653 ആയിരിക്കും. 

ഇപ്രകാരം തവണസംഖ്യയില്‍ മാറ്റമില്ലാതെ തുടര്‍ന്നാല്‍ ഇയാള്‍ വായ്പ അടച്ചു തീര്‍ക്കാന്‍ 189 മാസങ്ങള്‍ വേണ്ടിവരും. അതായത് മുന്നത്തേക്കാള്‍ 9 മാസങ്ങള്‍ അധികം. ഇതിലൂടെ അയാള്‍ അടയ്ക്കുന്ന അധിക പലിശ 1,37,766 രൂപയാണ്. 43,809 മാത്രമല്ല.

Table 3
വായ്പയുടെ മധ്യകാലത്ത്

ഇനി ഇതേതുക വായ്പയെടുത്ത മറ്റൊരാള്‍ വായ്പയുടെ പകുതി ദൂരം പിന്നിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധിക്കാം. അയാള്‍ 87 മാസ തവണകള്‍ അടച്ചു കഴിഞ്ഞ് 88,89,90 മാസങ്ങളില്‍ മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നു. ഈ മാസങ്ങളിലെ മൊത്തം പലിശയിനത്തില്‍ 34,966 രൂപ മുതലിലേക്ക് കൂട്ടുകയും തവണകള്‍ 180ല്‍ നിന്ന് 186 ആയി കൂടുകയും ചെയ്യും. അടയ്ക്കേണ്ട മൊത്തം പലിശയില്‍ 77,126 രൂപയുടെ വ്യത്യാസവും ഉണ്ടാകും.

table 4

വായ്പയുടെ അവസാന കാലത്ത്
മോറട്ടോറിയം ഏര്‍പ്പെടുത്തുന്നത് 138,139,140 മാസങ്ങളിലാണെന്ന് കരുതുക. മുതലിലേക്ക് ഈ പ്രാവശ്യം കൂടുന്നത് 19,512 രൂപയായിരിക്കും. മൊത്തം പലിശ കൂടുന്നത് 28,166 രൂപയും തവണകളില്‍ 4 എണ്ണത്തിന്റെ വര്‍ധനവും ഉണ്ടാകും.

table 5

അതായത് വായ്പയുടെ അവസാനത്തോട് അടുക്കുന്തോറും മൊറട്ടോറിയം കൊണ്ട് വലിയ നഷ്ടം സംഭവിക്കുന്നില്ല. പക്ഷെ പുതിയ ലോണുകളില്‍, അല്ലെങ്കില്‍ ലോണിന്റെ ആദ്യ പകുതിവരെ മൊറട്ടോറിയം എടുക്കാതിരിക്കുന്നതാണ് നല്ലത്. 

ഇതില്‍ ചെയ്യാവുന്ന മറ്റൊരു പ്രായോഗികവും ബുദ്ധിപരവുമായ കാര്യം തവണയുടെ തുക വര്‍ധിപ്പിക്കലാണ്. തവണകളുടെ എണ്ണത്തില്‍ മാറ്റം വരാതെ തന്നെ തവണയടവില്‍ ചെറിയൊരു മാറ്റം വരുത്തി തുടര്‍ന്നുള്ള അടവുകള്‍ ക്രമീകരിക്കാന്‍ സാധിക്കും. ഇതിനായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ടതുണ്ട്.

മോറട്ടോറിയം ഒരിക്കലും ഉപഭോക്താവിന് ലാഭകരമല്ല. ബാങ്കുകള്‍ക്ക് ലാഭകരവുമാണ്. ബാങ്കുകള്‍ അതിനാല്‍ മൊറട്ടോറിയം നല്‍കാന്‍ ഒട്ടും മടികാണിക്കാറില്ല. മൊറട്ടോറിയം എല്ലാവര്‍ക്കും കൊടുക്കാന്‍  ആര്‍ബിഐ ഉത്തരവിറക്കിയതോടുകൂടി വായ്പാ ഉപഭോക്താവിനാണ് കൂടുതല്‍ ഉത്തരവാദിത്തം കൈവന്നിട്ടുള്ളത്.  ഒട്ടും അടയ്ക്കാന്‍ കഴിയില്ലെങ്കില്‍ മാത്രം മൊറട്ടോറിയം പ്രയോജനപ്പെടുത്തുക.

(ജിയോജിത് സര്‍വീസസിലെ നിക്ഷേപകാര്യവിദഗ്ധനാണ് ലേഖകന്‍)