ര്‍ബിഐ മുന്നുമാസത്തേയ്ക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചു. പണവായ്പ അവലോക യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. മോറട്ടോറിയം സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്താം.


ഇഎംഐ അടയ്ക്കാറായി. അക്കൗണ്ടില്‍നിന്ന് ഇഎംഐ പിടിക്കുമോ?
ആര്‍ബിഐയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ബാങ്കുകളാണ് ഇനിയത് നടപ്പാക്കേണ്ടത്. നിങ്ങളുടെ ബാങ്കില്‍നിന്ന് ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ലെങ്കില്‍, അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ഇഎംഐ ഈടാക്കിയേക്കാം.

ഇഎംഐ ഈടാക്കില്ലെന്ന് എങ്ങനെ അറിയും?
ആര്‍ബിഐ ഇക്കാര്യത്തില്‍ വിശദമായ മാര്‍ഗനിര്‍ദേങ്ങള്‍ പുറത്തിറക്കിയിട്ടില്ല. ഉടനെ ഇക്കാര്യത്തില്‍ വ്യക്തതവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ബാങ്ക് തലത്തിലെടുത്ത തീരുമാനം അറിയിക്കുമോ?
ഉന്നതതലത്തില്‍ യോഗം ചേര്‍ന്ന് ബാങ്കുകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ബോര്‍ഡിന്റെ അംഗീകാരം ഇതിന് ആവശ്യമാണ്. അതിനുശേഷം ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കും.

ഇഎംഐ അടച്ചില്ലെങ്കില്‍ ക്രഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?
ഇല്ല

ഏതെല്ലാം ബാങ്കുകള്‍ക്കാണിത് ബാധകം?
വാണിജ്യ ബാങ്കുകള്‍, പ്രാദേശിക റൂറല്‍ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ ഇത് ബാധകമാണ്.

ഇഎംഐ ഒഴിവാക്കിതരുമോ, അതോ തല്‍ക്കാലത്തേയ്ക്ക് നീട്ടിവെയ്ക്കുകയാണോ?
വായ്പ ഇഎംഐ ഒഴിവാക്കുകയില്ല. തല്‍ക്കാലത്തേയ്ക്ക് അടയ്ക്കുന്നത് നീട്ടിവെയ്ക്കുകയാണ് ചെയ്യുന്നത്. 

മുതലിന്റെ പലിശയുടെയും കാര്യത്തില്‍ മൊറട്ടോറിയം ബാധകമാണോ?
മൂന്നുമാസത്തേയ്ക്ക് മുതലും പലിശയും ഉള്‍പ്പെടുന്ന ഇഎംഐ അടയ്ക്കുന്നത് നിര്‍ത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. 2020 മാര്‍ച്ച് ഒന്നിന് നിലവിലുള്ള എല്ലാവായ്പകള്‍ക്കും ഇത് ബാധകമാണ്. 

ഏതൊക്കെ വായ്പകള്‍ക്കാണിത് ബാധകം?
ഭവന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ തുടങ്ങിയ നിശ്ചിത കാലാവധിയുള്ള ടേം ലോണുകള്‍ക്കെല്ലാം ഇത് ബാധകമാണ്. മൊബൈല്‍, ടിവി തുടങ്ങിയ ഉത്പന്നങ്ങള്‍ വാങ്ങാനെടുത്ത കണ്‍സ്യൂമര്‍ വായ്പകളും ഇതില്‍ ഉള്‍പ്പെടും.

ക്രഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക്?
ക്രഡിറ്റ്കാര്‍ഡ് തിരിച്ചടവിനും മോറട്ടോറിയം ബാധകമാണെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. 

ഫാക്ടറി നിര്‍മാണവുമായി ബന്ധപ്പെട്ട് വായ്പയെടുത്തിരുന്നു. ഈ ആനുകൂല്യം ലഭിക്കുമോ?
ടേം ലോണിന്റെ പരിധിയിലുള്ള എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണ്. എങ്കിലും ബാങ്കില്‍നിന്ന് ഇക്കാര്യത്തില്‍ വ്യക്തമായ വിവരംതേടേണ്ടിവരും. 

ബിസിനസ് വായ്പകള്‍ക്ക്?
വര്‍ക്കിങ് ക്യാപിറ്റല്‍ ലോണുകളുടെ പലിശ തിരിച്ചടവിന് മൂന്നുമാസത്തെ മൊറട്ടോറിയും ലഭിക്കും. എന്നാല്‍ മോറട്ടോറിയം കാലയളവിലെ പലിശകൂടി മൂന്നുമാസംകഴിയുമ്പോള്‍ തിരിച്ചടയ്‌ക്കേണ്ടിവരും. വായ്പയെടുത്തപ്പോള്‍ നല്‍കിയ സമ്മതപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ക്ക് മാറ്റമുണ്ടാകില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ബാങ്കില്‍നിന്ന് വ്യക്തതവരുത്തേണ്ടിവരും.