കൊച്ചി: കോവിഡ്-19 പശ്ചാത്തലത്തിൽ ബാങ്കുകൾ നൽകിയിരുന്ന മൊറട്ടോറിയം കാലാവധി കഴിഞ്ഞു. ഇനി വായ്പാ തിരിച്ചടവ് തുടരേണ്ട സമയമാണ്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവർക്ക് ഇക്കാലയളവിലെ പലിശയും കൂട്ടുപലിശയും മുതലിന്മേൽ ചേർത്തുള്ള ഔട്ട്സ്റ്റാൻഡിങ് തുക ബാങ്കുകൾ കണക്കാക്കി.

വലിയ തുക വായ്പയെടുത്തവർക്ക് മൊറട്ടോറിയം കാലയളവിലെ പലിശ അടക്കം ഭീമമായ തിരിച്ചടവ് വന്നേക്കും. അതുകൊണ്ടുതന്നെ മുൻപ് അടച്ചിരുന്ന ഇ.എം.ഐ. തുകയെക്കാൾ ഉയർന്ന ഇ.എം.ഐ. ബാക്കിയുള്ള കാലയളവിൽ അടയ്ക്കേണ്ടതായി വരും.

ചില ബാങ്കുകൾ വായ്പാ കാലയളവ് ആറു മാസത്തേക്കു കൂടി നീട്ടിനൽകും. ഉദാ: മൊറട്ടോറിയം ഉപയോഗപ്പെടുത്തുന്നതിനു മുൻപ് എട്ട് ശതമാനം പലിശനിരക്കിൽ ഔട്ട്സ്റ്റാൻഡിങ് 20 ലക്ഷം രൂപ ഉണ്ടായിരുന്ന ഒരു ഇടപാടുകാരന്റെ ഇപ്പോഴത്തെ ഔട്ട്‌സ്റ്റാൻഡിങ് ഏകദേശം 20.47 ലക്ഷം രൂപ വരും. 10 വർഷമാണ് ഈ വായ്പയുടെ ബാക്കി കാലാവധി എന്നു വിചാരിക്കുക, എങ്കിൽ ഇദ്ദേഹത്തിന്റെ ഇ.എം.ഐ. 24,835 രൂപയാകും. ഇത് മുൻപുള്ള ഇ.എം.ഐ.യെ അപേക്ഷിച്ച് 570 രൂപ അധികമായിരിക്കും. മൊറട്ടോറിയം എടുത്ത ഒരാൾക്ക് ഇതുെവച്ചു നോക്കുമ്പോൾ ഏകദേശം 68,320 രൂപയുടെ അധിക ബാധ്യത വരും.

അതേസമയം, മൊറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് സുപ്രീംകോടതിയിൽ വാദം നിലനിൽക്കെ ബാങ്കുകൾ ഈ രീതിയിൽ ഔട്ട്‌സ്റ്റാൻഡിങ് കണക്കാക്കുന്നത് ധാർമികമാണോ എന്നാണ് ഇടപാടുകാരുടെ ചോദ്യം. എന്നാൽ, ആർ.ബി.ഐ. ചട്ടപ്രകാരം മൊറട്ടോറിയം കാലാവധി കഴിഞ്ഞാലുള്ള നടപടികൾ മാത്രമാണ് ബാങ്കുകൾ കൈക്കൊണ്ടിട്ടുള്ളതെന്ന് അധികൃതർ പറയുന്നു. മാത്രമല്ല, ഇക്കാലയളവിൽ വായ്പാ പലിശയിൽ കുറവു വന്നിട്ടുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താനുള്ള അവസരവും ഇടപാടുകാരന് ലഭിക്കും.

പലിശ പൂർണമായി പിൻവലിക്കുകയോ പലിശ നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ ഹർജിക്കാരുടെ വാദം. ബാങ്കുകളെ സംബന്ധിച്ച് അത് പ്രായോഗികമല്ല. ഇപ്പോൾ മിക്ക ബാങ്കുകളുടെയും പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാൽ, കേന്ദ്ര സർക്കാർ പറയുന്നതുപോലെ മൊറട്ടോറിയം രണ്ടുവർഷം വരെ നീട്ടുകയാണെങ്കിൽ വായ്പയെടുത്തവർ നേരിടേണ്ടി വരുന്ന ബാധ്യത അതി ഭീമമായിരിക്കും.

തൊഴിൽനഷ്ടവും കോവിഡ് പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ കിട്ടാക്കടം സംബന്ധിച്ച ആശങ്കയിലാണ് ബാങ്കുകൾ. മൊറട്ടോറിയത്തിനു മുൻപ്, അതായത് ഫെബ്രുവരി അവസാനത്തോടെ കിട്ടാക്കടം (എൻ.പി.എ.) ആയിട്ടുള്ള അക്കൗണ്ടുകൾക്ക് ബാങ്കുകൾ നോട്ടീസ് അയയ്ക്കാനും തുടങ്ങിയിട്ടുണ്ട്.

മൊറട്ടോറിയം സ്വീകരിച്ച ഒരാൾ ഇതിനുശേഷം അടവ് മുടക്കിയാൽ 90 ദിവസത്തിനു ശേഷം ബാങ്ക് എൻ.പി.എ. നടപടികളിലേക്ക് നീങ്ങും.