2.25 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി 'ബാഡ് ബാങ്കി'ന് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വാണിജ്യ ബാങ്കുകളുടെകൂടി സഹായത്താല്‍ തുടങ്ങുന്ന ആസ്തി പുനര്‍നിര്‍മാണ കമ്പനിക്കുകീഴിലാകും കടം വകയിരുത്തുക. 

68-70 അക്കൗണ്ടുകളില്‍ 500 കോടി രൂപയ്ക്കുമുകളിലുള്ള കിട്ടാക്കടമാകും കമ്പനിയിലേയ്ക്ക് മാറ്റുകയെന്നാണ് റിപ്പോര്‍ട്ട്. നിര്‍ദിഷ്ട ബാഡ് ബാങ്കില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം ഉണ്ടാകില്ല. ധനസഹായമോ മാനേജുമെന്റ് നിയന്ത്രണമോ ഉണ്ടാകില്ലെന്ന് ധനകാര്യ സെക്രട്ടറി ദെബാഷിഷ് പാണ്ഡ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

സ്വകാര്യ-പൊതുമേഖല ബാങ്കുകളുടെ സഹായത്തോടെയാകും ബാഡ് ബാങ്ക് പ്രവര്‍ത്തിക്കുക. കമ്പനിയുടെ പ്രാരംഭ മൂലധനം എത്രയാണെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റില്‍ ആസ്തി പുനര്‍നിര്‍മാണ കമ്പനി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ബാങ്കിങ് മേഖലയിലെ നിഷ്‌ക്രിയ ആസ്തികള്‍ കണക്കാക്കി പരിഹാരംകാണുന്നതിന് ശ്രമിക്കുന്ന സ്ഥാപനമായാണ് ബാഡ് ബാങ്കിനെ വിഭാവനംചെയ്തിട്ടുള്ളത്. 

Loans worth Rs 2.25 lakh crore to be shifted to 'Bad Bank'