ന്യൂഡല്‍ഹി: മോറട്ടോറിയംകാലത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദംകേള്‍ക്കല്‍ വീണ്ടും നീട്ടി. ഓഗസ്റ്റ് ആദ്യവാരത്തിലാണ് കേസ് വീണ്ടും പരിഗണിക്കുക.

വായ്പകളുടെ മോറട്ടോറിയം പദ്ധതി അവലോകനം ചെയ്യാനും കാര്‍ഷികം ഉള്‍പ്പെടെയുള്ള വിവിധ മേഖലകള്‍ക്കനുസൃതമായി പദ്ധതി ആവിഷ്‌കരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനും ആര്‍ബിഐയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രഖ്യാപിച്ച ആറുമാസത്തെ മോറട്ടോറിയംകാലത്ത് പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്  ആഗ്ര സ്വദേശിയായ ഗജേന്ദ്ര ശര്‍മായാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും അഭിപ്രായം കോടതി തേടിയിരുന്നു. 

മോറട്ടോറിയംകാലത്തെ പലിശ ഒഴിവാക്കാനാവില്ലെന്നും അത് ബാങ്കുകളുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് സത്യവാങ്മൂലത്തല്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 12ന് വാദംകേള്‍ക്കാന്‍ മാറ്റിവെയ്ക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി വാദംകേള്‍ക്കാന്‍ ഓഗസ്റ്റിലേയ്ക്ക് വീണ്ടുംനീട്ടി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെയാണ് ആദ്യഘട്ടത്തില്‍ ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തില്‍ ഇത് ഓഗസ്റ്റ് 31വരെ നീട്ടുകയുംചെയ്തു.