കോണ്ടാക്ട്‌ലെസ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാട് പരിധി 2000 രൂപയില്‍നിന്ന് 5,000 രൂപയായി ഉയര്‍ത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 

ജനുവരി ഒന്നു മുതലാണ് ഇടപാട് തുക ഉയര്‍ത്തുക. ആര്‍ബിഐയുടെ പണവായ്പനയ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്)വഴി 365 ദിവസവും 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യവും ദിവസങ്ങള്‍ക്കുള്ളില്‍ നിലവില്‍വരുമെന്നും അദ്ദേഹം പറഞ്ഞു. തത്സമയം വന്‍കിട പണമിടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. 

നിലവില്‍ 24 മണിക്കൂറും വന്‍തുക ഡിജിറ്റലായി കൈമാറാനുള്ള സൗകര്യമില്ല. ബാങ്ക് അവധി ദിവസങ്ങളിലും ഇതിന് സൗകര്യമുണ്ടായിരുന്നില്ല. ഇതിനാണ് മാറ്റംവരുന്നത്. ആര്‍ടിജിഎസ് വഴി കൈമാറ്റം ചെയ്യാവുന്ന മിനിമം തുക രണ്ടു ലക്ഷമാണ്. പരമാവധി എത്രതുകവേണമെങ്കിലും കൈമാറാം. അതിന് പരിധി നിശ്ചയിച്ചിട്ടില്ല. 

നിലവില്‍ എന്‍ഇഎഫ്ടി വഴി 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യമുണ്ട്. 2019 ഡിസംബര്‍ മുതലാണ് ഇത് നിലവില്‍വന്നത്. എന്നാല്‍ ഈ സംവിധാനംവഴി പരമാവധി രണ്ടു ലക്ഷം രൂപവരെമാത്രമെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയൂ. 

Large fund transfers to be 24/7, contactless card payment hiked to ₹5,000