കോവിഡ് വ്യാപനത്തെതുടർന്ന് നിരവധിപേർക്ക് തൊഴിൽ നഷ്ടമായിട്ടും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ റെക്കോഡ് വർധന. 2020ൽ 2.27 ലക്ഷം കോടി രൂപയുടെ എൻആർഐ നിക്ഷേപമാണ് ബാങ്കുകളിലെത്തിയത്. 

മുൻവർഷത്തെ അപേക്ഷിച്ച് 14ശതമാനമാണ് വർധന. ഗൾഫിലും മറ്റുംതൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 12 ലക്ഷമാണെന്ന കണക്കുകൾക്കിടെയാണ് നിക്ഷേപത്തിൽ ഇത്രയും വർധനയുണ്ടായത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ കണക്കുപ്രകാരം 2020 ഡിസംബർ അവസാനംവരെയുള്ള എൻആർഐ നിക്ഷേപം 2,27,430 കോടി രൂപയാണ്. 

2020 സെപ്റ്റംബറിലെ കണക്ക് പ്രകാരം 2,22,029 ലക്ഷംകോടിയായിരുന്നു. അതിനുശേഷം നിക്ഷേപത്തിലുണ്ടായ വർധന രണ്ടുശതമാനംമാത്രമാണ്.    2019ൽ ഇത് 1,99,781 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള വിദേശ കറൻസി നിക്ഷേപത്തിന്റെ കണക്കാണിത്. 

ഗൾഫ് രാജ്യങ്ങളിൽ മൊത്തം 40 ലക്ഷം മലയാളികളാണുള്ളത്. സംസ്ഥാനത്തിന്റെ മൊത്തംവരുമാനത്തിൽ 30ശതമാനവും ഇവരുടെ സംഭാവനയാണ്. കോവിഡിനെതുടർന്ന് 12 ലക്ഷം പേരാണ് തിരിച്ചെത്തിയത്. ജോലി നഷ്ടപ്പെട്ടവരിലേറെയും അവിദഗ്ധ തൊഴിലാളികളാണെന്നും വേൾഡ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.