ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ വ്യാപകമായതോടെ, ഷോപ്പിങ് കഴിഞ്ഞാല്‍ പോക്കറ്റില്‍ നിന്നും എണ്ണിതിട്ടപ്പെടുത്തി നോട്ട് നീട്ടുന്ന കാലം വൈകാതെ ഒരോര്‍മ്മയാകുമെന്നായിരുന്നു പലരുടെയും വിശ്വാസം. എന്നാല്‍ ജനങ്ങള്‍ക്ക് ഇന്നും പ്രിയം നേരിട്ടുളള പണമിടപാടുതന്നെ. 

പണമിടപാടിന് ഡിജിറ്റല്‍ ആപ്പുകളും ധാരാളമുണ്ട്. എന്നിട്ടും ജനങ്ങള്‍ ഇപ്പോഴും നേരിട്ടുളള പണമിടപാടിനെയാണ് ഏറെ ആശ്രയിക്കുന്നതെന്നാണ് സാമ്പത്തികലോകത്തിന്റെ വിലയിരുത്തല്‍.  

സൈ്വപ്പിങ്‌ മെഷീനുകളുടെ എണ്ണത്തിലുളള കുറവും സുരക്ഷാ പ്രശ്നങ്ങളുമാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് വിലങ്ങുതടയാകുന്നത്. എഴുപത് കോടി ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കളുളള നമ്മുടെ രാജ്യത്ത് ആകെ 25 ലക്ഷം സൈ്വപ്പിങ്‌  മെഷീനുകളെയുളളൂ. 

2500 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതിന്റെ മൂന്നിലൊരു ഭാഗം ഇടപാടുകള്‍ മാത്രമാണ് നടന്നത്. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിലുപരി എ.ടി.എം വഴി പണമെടുക്കാനാണ് ഡെബിറ്റ് കാര്‍ഡ് പ്രധാനമായും ഉപയോഗിക്കുന്നത്.   

' നോട്ട് നിരോധനത്തോടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആദ്യമുണ്ടായതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധനവുണ്ടായെങ്കില്‍ പിന്നീടത് വളരെ കുറഞ്ഞതായി എച്ച്.ഡി.എഫ്.സി ബാങ്ക് കാഷ് പെയ്‌മെന്റ്‌ പ്രൊഡക്ട്സ് വിഭാഗം തലവന്‍ പരാഗ് റാവു പറയുന്നു.

ഡിജിറ്റല്‍ ഇടപാടിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവര്‍ ഇപ്പോഴും പണ്ടുമുതലെ ശീലമായ പണമിടപാടിനെയാണ് ആശ്രയിക്കുന്നത്. ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ ഡിജിറ്റല്‍ സേവനം ഉപയോഗിക്കാത്തതും പ്രായമായവരിലും കമ്പ്യൂട്ടര്‍ സാക്ഷരതയില്ലാത്തവരിലും ഡിജിറ്റല്‍ ഇടപാടിനെക്കുറിച്ചുളള ബോധവത്കരണം നടത്താത്തതും പ്രശ്നം സൃഷ്ടിക്കുന്നു. 

ഈയിടെയാണ് ഗൂഗിളിന്റെ വാലറ്റായ തേസ് അവതരിപ്പിച്ചത്. എന്നാല്‍ ഇതും ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കാന്‍ സഹായകമായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഭീം, ആധാര്‍ പെയ്മെന്റ്, പേ ടിഎം, മൊബിക്വിക്ക്, എസ്.ബി.ഐ ബഡ്ഡി, പെയ് യു മണി, യു.പി.ഐ തുടങ്ങിയ വന്‍പ്രചാരം നേടിയ ആപ്പുകള്‍ വഴിയും കാര്യമായ ഇടപാടുകള്‍ നടക്കുന്നില്ല.  

നോട്ട് നിരോധനം വന്നതോടെ ഡിജിറ്റല്‍ പണമിടപാടില്‍ വന്‍കുതിപ്പായിരുന്നുവെങ്കിലും പിന്നീട് പ്രിയം കുറഞ്ഞു.

എന്നിരുന്നാലും 2020-ടെ ഡിജിറ്റല്‍ ഇടപാട് 500 ഡോളര്‍ ബില്യണ്‍ ആയി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.