കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യം അടച്ചിട്ട സാഹചര്യത്തിലാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കുവേണ്ടി റിസര്‍വ് ബാങ്ക് വായ്പകള്‍ക്ക്‌  മൂന്നുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചത്. 

സേവിങ്‌സ് അക്കൗണ്ടില്‍ പണമുണ്ടായിട്ടും ഇഎംഐ അടയ്‌ക്കേണ്ടയെന്ന് കരുതാന്‍വരട്ടെ. കഴിയുമെങ്കില്‍ ഇഎംഐ തുടര്‍ന്നും അടയ്ക്കുന്നതുതന്നയാണ് സാമ്പത്തികാരോഗ്യത്തിനുനല്ലത്.

പലിശ നിരക്ക് കുറയ്ക്കുകകൂടി ചെയ്ത സാഹചര്യത്തില്‍ ഇഎംഐ തുടര്‍ന്നും അടച്ചാല്‍ വായ്പയുടെ കാലാവധി നേരത്തെ തീരാനും പലിശയില്‍ കാര്യമായ കുറവുണ്ടാകാനും ഇടയാക്കും. 

ഉദാഹരണത്തിന് നിങ്ങള്‍ 45 ലക്ഷം ഭവനവായ്പയെടുത്തയാളാണെന്ന് കരുതുക. 300മാസമാണ് തിരിച്ചടവ് കാലാവധി. മോറട്ടോറിയത്തിന്റെ ആനുകൂല്യത്തോടൊപ്പം പലിശനിരക്കിലെ കുറവുകൂടി പ്രയോജനപ്പെടുത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് 11.59 ലക്ഷത്തോളമാണ് മൊത്തമടയ്ക്കുന്ന പലിശയില്‍ ലാഭിക്കാനാകുക. അതേസമയം മോറട്ടോറിയം അവഗണിച്ച് ഇഎംഐ അടയ്ക്കല്‍ തുടര്‍ന്നാല്‍ 15.39 ലക്ഷം രൂപയാകും പലിശയിനത്തില്‍ കുറവുണ്ടാകുക(വിശദമായി അറിയാന്‍ പട്ടിക കാണുക). 

കാരണം തുടക്കത്തില്‍നിങ്ങള്‍ അടയ്ക്കുന്ന ഇംഎംഐയില്‍ ഭൂരിഭാഗംതുകയും പലിശയിലേയ്ക്കാണ് വരുവുവെയ്ക്കുന്നത്. നാമമാത്രമായ തുകയാണ് മുതലിലേയ്ക്ക് ചേര്‍ക്കുക. 

ഇഎംഐതുകയുടെകൂടെ രണ്ടായിരും രൂപ കൂട്ടിയടക്കുകയാണെന്ന് കരുതുക. ആതുക മുഴുവന്‍ മുതലിലേയ്ക്കാണ് വരവുവെയ്ക്കുക. അപ്പോള്‍തന്നെ നിങ്ങളുടെ തിരിച്ചടവുകാലാവധിയില്‍ 30 മാസത്തോളം കുറവുണ്ടാകും.

ഭവന വായ്പയിലെ വ്യതിയാനം
  മോറട്ടോറിയത്തിനുമുമ്പ്‌ മോറട്ടോറിയത്തിനും നിരക്കുകുറയ്ക്കലിനും ശേഷം മോറട്ടോറിയമില്ലാതെ നിരക്ക് കുറയ്ക്കല്‍മാത്രം
വായ്പ തുക 45 ലക്ഷം രൂപ 45 ലക്ഷം രൂപ 45 ലക്ഷം രൂപ
പലിശ 8% 7.25% 7.25%
കാലാവധി 300 മാസം 270 മാസം 250 മാസം
ഇഎംഐ 34,731 രൂപ 34,731 രൂപ 34,731 രൂപ
മൊത്തം പലിശ 59,19,519 രൂപ 47,60,876 രൂപ 43,80,639 രൂപ
പലിശയിലെ ലാഭം   11,58,643 രൂപ* 15,38,880 രൂപ*

*ആറുമാസംമുമ്പെടുത്തവായ്പയെ അടിസ്ഥാനമാക്കി ഇഎംഐയില്‍ വ്യത്യാസംവരുത്താതെയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഉദാഹരണമായി മാത്രം കാണുക. എടുത്തിട്ടുള്ള വായ്പയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഈകണക്കില്‍ വ്യത്യാസമുണ്ടാകാം.
അവലംബം:മോര്‍ട്ട്‌ഗേജ് വേള്‍ഡ് ഡോട്ട് ഇന്‍​

മോറട്ടോറിയം സംബന്ധിച്ച് നിരവധി സംശയങ്ങളാണ് പലര്‍ക്കുമുള്ളത്. അതിന്റെ ഘടന സങ്കീര്‍ണവുമാണ്. ഓരോ ബാങ്കുകളുമെടുക്കുന്ന ബോര്‍ഡ് തീരുമാനത്തിനനുസരിച്ച് അതില്‍ വ്യത്യാസവുമുണ്ടാകും.

മോറട്ടോറിയമെന്നാല്‍ പലിശയില്‍ ഇളവ് നല്‍കലല്ലെന്ന് ആര്‍ബിഐ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ 3.50തമാനം പലിശലഭിക്കുന്നനിങ്ങളുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ പണം കിടക്കുന്നതിലും നല്ലത് ഇഎംഐ അടയ്ക്കുന്നതുതന്നെയാണ്. 

മോറട്ടോറിയം കാലാവധി കഴിഞ്ഞാല്‍ ഈതുകയടയ്ക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണെന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ അനാവശ്യമായി കാലാവധി നീട്ടുകൊണ്ടുപോകുന്നതുകൊണ്ട് ദോഷമല്ലാതെ ഗുണമുണ്ടാകില്ലെന്നും അറിയുക. വാഹന, വിദ്യാഭ്യാസ,  വ്യക്തിഗത വായ്പകളെടുത്തവര്‍ക്കും ഇത് ബാധകമാണ്. 

ക്രഡിറ്റ് കാര്‍ഡ്
ക്രഡിറ്റ് കാര്‍ഡ് തിരച്ചടവിനും മോറട്ടോറിയം ബാധകമാണന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യഥാസമയം ബാധ്യത തീര്‍ക്കുന്നതാകും ഉചിതം. പണം തിരിച്ചടയ്ക്കുന്നതിന് സാവകാശം നല്‍കുകമാത്രമാണ് മോറട്ടോറിയം കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ തിരിച്ചടയ്ക്കുന്നതുവരെ പലിശ കൂടിക്കൊണ്ടിരിക്കുമെന്ന് തിരിച്ചറിയുക.

ഭവന വായ്പ തിരിച്ചടവുകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ക്രഡിറ്റ് കാര്‍ഡ് തിരിച്ചടവുകാര്‍ക്ക് ലഭിക്കില്ല. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചതിനാലാണ് ഭവന വായ്പ ഉള്‍പ്പടെയുള്ളവര്‍ക്ക് അതൊരുഭാരമാകാതെവരുന്നത്.

40 ശതമാനത്തോളം വാര്‍ഷിക പലിശയാണ് ക്രഡിറ്റ് കാര്‍ഡ് തിരിച്ചടവിന് ഈടാക്കുന്നതെന്നും മനസിലാക്കുക. അതുകൊണ്ടുതന്നെ യഥാസമയം ക്രഡിറ്റ് കാര്‍ഡ് ബാധ്യതകള്‍ തീര്‍ത്തില്ലെങ്കില്‍ നിങ്ങള്‍ക്കതൊരു ബാധ്യതയായി മാറിയേക്കാം. 

antony@mpp.co.in