ണ്‍ലൈനായി പണം കൈമാറുമ്പോള്‍ അക്കൗണ്ട് നമ്പറിനുപുറമെ, ഐഎഫ്എസ് സി(ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്)തെറ്റാതെ ശ്രദ്ധിക്കണം. ബാങ്കുകളുടെ ഓരോ ശാഖയ്ക്കും വ്യത്യസ്ത ഐഎഫ്എസ് കോഡുകളാണുള്ളത്. 

നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(നെഫ്റ്റ്), റിലയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്‍ടിജിഎസ്), ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ്(ഐഎംപിഎസ്) എന്നിവവഴിയുള്ള ഇടപാടുകള്‍ക്കാണ് പണം ലഭിക്കേണ്ടയാളുടെ പേരിനോടൊപ്പം അക്കൗണ്ട് നമ്പറും ബാങ്കിന്റെ പേരും ഐഎഫ്എസ് സിയും നല്‍കേണ്ടത്. 

ചില ബാങ്കുകള്‍ പേരിനൊപ്പം അക്കൗണ്ടുനമ്പറും കോഡും ഒത്തുനോക്കാറുണ്ട്. എന്നാല്‍ ഇത് ഒത്തുനോക്കണമെന്ന് നിര്‍ബന്ധമില്ല. അതായത് ബാങ്കിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്നുചുരുക്കം. 

എന്താണ് ഐഎഫ്എസ് കോഡ്?
11 ഡിജിറ്റുള്ള അക്ഷരങ്ങളും അക്കങ്ങളുംചേര്‍ന്ന മ്പറാണിത്. ബാങ്കുകളുടെ ഓരോശാഖകള്‍ക്കും വ്യത്യസ്ത കോഡുകളാണുണ്ടാകുക. ആദ്യത്തെ നാലക്ഷരം ബാങ്കിനെ പ്രതിനിധീകരിക്കുന്നതാണ്. അഞ്ചാമത്തേത് '0' ആയിരിക്കും. അവസാനത്തെ ആറ് അക്കം ബാങ്കിന്റെ ശാഖയെയും പ്രതിനിധീകരിക്കുന്നു. ഉദാഹരണത്തിന് SBIN00402278 എസ്ബിഐ ശാഖയുടെ ഐഎഫ്എസ് കോഡാണ്. 

ഐഎഫ്എസ് കോഡ് തെറ്റിയാല്‍
സാധാരണ രീതിയില്‍ തെറ്റുവരാന്‍ സാധ്യതകുറവാണ്. മിക്കവാറും ബാങ്കുകള്‍ ബാങ്കിന്റെ പേരും ശാഖയുടെ പേരും രേഖപ്പെടുത്താന്‍ ആവശ്യപ്പെടാറുണ്ട്. അങ്ങനെ രേഖപ്പെടുത്തുമ്പോള്‍ ഒന്നുകില്‍ താനെ ഐഎഫ്എസ് കോഡ് ലഭിക്കും. അതല്ലാതെ കോഡ് മാത്രം രേഖപ്പെടുത്താനും കഴിയും. ഏതെങ്കിലും കാരണവശാല്‍ കോഡ് തെറ്റിപ്പോയാല്‍ എന്തുസംഭവിക്കുമെന്നുനോക്കാം.

കോഴിക്കോട്ടെ ശാഖയുടെ കോഡിനുപകരം നിങ്ങള്‍ കൊച്ചിയിലെ ശാഖയുടെ കോഡാണ് രേഖപ്പെടുത്തുന്നതെങ്കില്‍, സാധാരണരീതിയില്‍ നല്‍കിയിട്ടുള്ള മറ്റുവിവരങ്ങള്‍ ശരിയാണെങ്കില്‍ അവപരിശോധിച്ചാകും പണംകൈമാറുക. 

ഒരേ ബാങ്കിലെ മറ്റൊരാള്‍ക്ക് പണംകൈമാറുമ്പോള്‍ താനെ ഇക്കാര്യം പരിശോധിക്കും. അക്കൗണ്ടുനമ്പറും അക്കൗണ്ടുടമയുടെ പേരുമാണ് ഇങ്ങനെവരുമ്പോള്‍ നോക്കുക. എല്ലാ ബാങ്കുകളും ഇത്തരത്തില്‍ വിവരങ്ങള്‍ പരിശോധിച്ചുകൊള്ളണമെന്നില്ല. ശരിയായ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിലേയ്ക്ക് പണംകൈമാറ്റംചെയ്യും. 

മറ്റുബാങ്കുകളുടെ കോഡ് നല്‍കുമ്പോള്‍
ഐസിഐസിഐ ബാങ്കിന്റെ അക്കൗണ്ടിലേയ്ക്കാണ് പണം കൈമാറാനുള്ളതെന്ന് കരുതുക. നിങ്ങള്‍ നല്‍കിയതാകട്ടെ എസ്ബിഐ ശാഖയുടെ(സാധ്യത വിരളമാണ്)കോഡും. ഈ സാഹചര്യത്തില്‍ ഒരേ അക്കൗണ്ട് നമ്പറാണ് ഉള്ളതെങ്കില്‍, അതായത് എസ്ബിഐയില്‍ അതേ അക്കൗണ്ട് നമ്പര്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ പണം വേറെയാളുടെ അക്കൗണ്ടിലേയ്ക്ക് പോയേക്കാം. അപൂര്‍വമായേ അതിനും സാധ്യയുള്ളൂ. കാരണം അക്കൗണ്ടുനമ്പറില്‍ സാമ്യമുണ്ടാകാനുള്ള സാധ്യത വിരളമാണ്. 

ഒരുകാര്യം മനസിലാക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ തെറ്റായി മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്താല്‍ പണം തിരിച്ചുകിട്ടാന്‍ ബുദ്ധിമുട്ടാണ്. പണം തിരിച്ചെടുക്കാന്‍ കഴിയുമോയെന്ന് ബാങ്ക് ശാഖയിലെത്തി പരശോധിക്കാമെന്നുമാത്രം.