ഹൈദരാബാദ്: ഭവന വായ്പയുടെ പലിശ പരിഷ്‌കരിച്ചത് ഉപഭോക്താവിനെ അറിയിക്കാതിരുന്നതിന് ഐസിഐസിഐ ബാങ്കിന് ഉപഭോക്തൃ ഫോറം വിധിച്ചത് 55,000 രൂപ പിഴ.

ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ ഐസിഐസിഐ ബാങ്കില്‍നിന്ന് ഫ്‌ളോട്ടിങ് നിരക്കില്‍ 9.25 ശതമാനം പലിശയില്‍ 2006ലാണ് ആര്‍.രാജ്കുമാര്‍ 30 ലക്ഷം രൂപ ഭവനവായ്പയെടുത്തത്. 10 വര്‍ഷത്തേയ്ക്ക് പ്രതിമാസം 38,410 രൂപയാണ് തിരിച്ചടവായി നിശ്ചയിച്ചിരുന്നത്.

ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ അദ്ദേഹം മൊത്തം 49.73 ലക്ഷം രൂപ തിരിച്ചടച്ചതായി കണ്ടു. നേരത്തെ നിശ്ചയിച്ച 120 മാസത്തിനുപകരം 136 മാസമാണ് ഇഎംഐ പിടിച്ചത്.

വായ്പ അക്കൗണ്ടില്‍ 9.25 ശതമാനത്തിനുപകരം 14.85ശതമാനം പലിശ രേഖപ്പെടുത്തിയതായും അദ്ദേഹം കണ്ടു. പലിശ നിരക്കില്‍ മാറ്റംവരുത്തിയപ്പോള്‍ ബാങ്ക് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ഫോറത്തില്‍ രാജ്കുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി തവണ ഇക്കാര്യം ബോധ്യപ്പെടുത്തി പരാതി നല്‍കിയെങ്കിലും പരിഹരിക്കാന്‍ ബാങ്ക് തയ്യാറായില്ല.

ഫ്‌ളോട്ടിങ് നിരക്കിലാണ് വായ്പ അനുവദിച്ചതെന്നും കാലാകാലങ്ങളില്‍ പലിശ പരിഷ്‌കരിക്കാന്‍ അവകാശമുണ്ടെന്നും ബാങ്ക് വാദിച്ചു. പലിശ പരിഷ്‌കരിച്ചപ്പോഴെല്ലാം ബാങ്ക് വായ്പയെടുത്തയാളെ അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കി. 

എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ ബാങ്കിനായില്ല. ഇതേതുടര്‍ന്നാണ് 55,000 നല്‍കാന്‍ ഫോറം വിധിച്ചത്.