മുംബൈ: നേരത്തെ ലോണെടുത്തവര്‍ക്കും ഇനി പലിശ കുറവിന്റെ ആനുകൂല്യം ലഭിക്കും. ബാങ്കുകളുടെ പലിശനിരക്ക് കുറഞ്ഞ പലിശനിരക്കുമായി (എം.സി.എല്‍.ആര്‍.) നേരിട്ട് ബന്ധിപ്പിക്കാന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തീരുമാനം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലാകും. 

നേരത്തെ അടിസ്ഥാനനിരക്കുകള്‍ കുറച്ചപ്പോഴൊന്നും നിലവില്‍ വായ്പയെടുത്തവര്‍ക്ക് ഇതിന്റെ ആനുകൂല്യം ബാങ്കുകള്‍ കൈമറിയിരുന്നില്ല. അതിനാണ് മാറ്റംവരുന്നത്. 

പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ അടുത്ത ദ്വൈമാസാവലോകനത്തില്‍ റിസര്‍വ് ബാങ്ക് അടിസ്ഥാനനിരക്ക് വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. അതോടെ വായ്പയുടെ പലിശ ഉയരുകയും പുതിയ സംവിധാനംകൊണ്ട് കിട്ടിയ പ്രയോജനം നഷ്ടമാവുകയുംചെയ്യും. പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് ബുധനാഴ്ചതന്നെ എം.സി.എല്‍.ആര്‍. പത്തു ബേസിസ് പോയന്റ് ഉയര്‍ത്തിയിട്ടുണ്ട്.

ബെയ്സ് റേറ്റിനുപകരം റിസര്‍വ് ബാങ്ക് 2016 ഏപ്രില്‍ ഒന്നിന് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (എം.സി.എല്‍.ആര്‍.) സംവിധാനം ആവിഷ്‌കരിച്ചു. വായ്പയ്ക്ക് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. ബാങ്ക് കടമെടുത്ത തുകയുടെ പലിശയും കരുതല്‍ ധനാനുപാതവും ഓഹരി വരുമാനവും പരിഗണിച്ചാണ് ഇത് കണക്കാക്കുന്നത്. ആര്‍.ബി.ഐ.യുടെ അടിസ്ഥാനനിരക്ക് മാറുന്നതിനനുസരിച്ച് എം.സി.എല്‍.ആര്‍. മാറും. ഇതനുസരിച്ച് മുഴുവന്‍ വായ്പകളുടെയും പലിശനിരക്ക് ബാങ്കുകള്‍ പുനര്‍നിര്‍ണയിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. 2016-ന് മുന്‍പെടുത്ത പല വായ്പകള്‍ക്കും ബെയ്സ് റേറ്റ് അനുസരിച്ചാണ് പല ബാങ്കുകളും പലിശ ഈടാക്കുന്നത്. ഇത് തടയുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.

നിലവില്‍ ബെയ്സ് റേറ്റ് അനുസരിച്ചുള്ള പലിശയേക്കാള്‍ ശരാശരി 0.7 ശതമാനം കുറവാണ് എം.സി.എല്‍.ആര്‍. പ്രകാരമുള്ള പലിശ എന്നാണ് കണക്കാക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ പഴയ വായ്പകളുടെ പലിശയില്‍ ഇത്രയും കുറവു വരും.