ത്സവകാലത്തോടനുബന്ധിച്ച് എച്ച്.ഡി.എഫ്.സി ബാങ്ക് ഓണ്‍ലൈന്‍-ഓഫ് ലൈന്‍ വ്യാപരമേഖലകളില്‍ 2000ത്തിലധികം ഓഫറുകള്‍ പ്രഖ്യാപിച്ചു. 

ആയിരത്തിലധികം വ്യാപാരികളെ ഉള്‍പ്പെടുത്തിക്കൊണ്ടാകും കാഷ് ബാക്ക് ഉള്‍പ്പടെയുള്ള ഓഫറുകള്‍ ലഭ്യമാക്കുകയെന്ന് ബാങ്കിന്റെ മാനേജിങ് ഡയറ്ക്ടര്‍ ആദിത്യ പുരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വാഹന വായ്പ, വ്യക്തിഗത വായ്പ, ബിസിനസ് വായ്പ എന്നിവയ്ക്ക് പ്രൊസസിങ് ഫീസിനത്തില്‍ 50ശതമാനം ഇളവുനല്‍കും. 'ഫെസ്റ്റീവ് ട്രീറ്റ്' എന്ന നാമകരണം നല്‍കിയിട്ടുള്ള ഓഫറുകളുടെ ഭാഗമായി ഇരുചക്രവാഹനങ്ങള്‍ക്ക് പ്രൊസസിങ് ചാര്‍ജ് ഒഴിവാക്കിയിട്ടുമുണ്ട്. 

നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഓഫറുകള്‍ ലഭ്യമാകും. ഉത്സവ സീസണ്‍ പ്രമാണിച്ച് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കുപുറമെ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നിവ ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ വിലക്കിഴിവ്, കാഷ്ബാക്ക്, അധിക റിവാഡ് പോയന്റുകള്‍ തുടങ്ങിയവ ലഭിക്കും. ഇതിനായി നിരവധി റീട്ടെയില്‍ ബ്രാന്‍ഡുകളുമായി ബാങ്ക് ധാരണയിലെത്തിയതായിട്ടുണ്ട്.

2000ലധികം ഓഫറുകള്‍ ലഭ്യമാക്കുന്നതിന് പ്രാദേശിക തലത്തില്‍ വലവ്യഞ്ജനക്കടകളുമായും ധാരണയിലെത്തിയിട്ടുണ്ട്. പുതിയ ഉപഭോക്തൃ ഉത്പന്ന മേഖല ഉയര്‍ന്നുവരുന്ന സാഹചര്യം വിലയിരുത്തിയാണ് ബാങ്ക് ഇതിന് തയ്യാറെടുത്തിട്ടുള്ളതെന്ന് ഡിജിറ്റല്‍ ബാങ്കിങ്, കണ്‍സ്യൂമര്‍ ഫിനാന്‍സ് വിഭാഗം തലവന്‍ പരാഗ് റാവു പറഞ്ഞു. 

ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് 7,000 രൂപവരെയാണ് കാഷ് ബാക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 22.5ശതമാനംവരെ കാഷ് ബാക്ക് നല്‍കാന്‍ വ്യാപാരികള്‍ക്ക് കഴിയും. അധികചെലവില്ലാതെതന്നെ പ്രമുഖ ബ്രാന്‍ഡുകളായ സാംസങ്, എല്‍ജി, സോണി, ഗോദ്‌റേജ്, പാനസോണിക് എന്നിവയുടെ ഉത്പന്നങ്ങള്‍ പ്രതിമാസ തിരിച്ചടവില്‍ വാങ്ങാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡിനുമുമ്പുള്ള കാലത്തേക്കാള്‍ വ്യാപാര സാധ്യത വരുംകാലത്ത് വിപണിയിലുണ്ടാകുമെന്നാണ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായ ആദിത്യ പുരിയുടെ വിലയിരുത്തല്‍. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ചില വ്യവസായങ്ങളുടെ തിരിച്ചുവരവിന് കൂടുതല്‍ സമയമെടുത്തേക്കാം. അതേസമയം, അതിവേഗ വളര്‍ച്ചയുള്ള ഉപഭോക്തൃ ഉത്പന്നം(എഫ്എംസിജി), സ്റ്റീല്‍, ഓട്ടോ തുടങ്ങിയ മേഖലകളില്‍ വളര്‍ച്ച പ്രകടമായിതുടങ്ങിയതായും അദ്ദേഹം വിലയിരുത്തി. 

HDFC Bank's 'Festive Treats' with over 2000 offers