കൊച്ചി: ഏറ്റവും മികച്ച മൂല്യമുള്ള 100 ഗ്ലോബൽ ബ്രാൻഡുകളുടെ പട്ടികയിൽ ഇത്തവണയും എച്ച്.ഡി.എഫ്.സി. ബാങ്ക് ഇടംപിടിച്ചു. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും 60-ാമത് റാങ്കാണ് ബാങ്ക് നേടിയത്.

പുതിയ ലിസ്റ്റിൽ, ബാങ്കിന്റെ ബ്രാൻഡ് മൂല്യം 2,270 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 2,087 കോടി ഡോളറായിരുന്നു.

ലിസ്റ്റിൽ തുടർച്ചയായ അഞ്ചാം തവണയാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് ഇടം പിടിക്കുന്നത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (68), ടാറ്റാ കൺസൽട്ടൻസി സർവീസ് (97) എന്നിവയാണ് ഈ വർഷം പട്ടികയിൽ ഇടം നേടിയിട്ടുള്ള മറ്റ് ഇന്ത്യൻ കമ്പനികൾ.

ആമസോണാണ് പട്ടികയിൽ ഒന്നാമത്. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, വിസ, ഫെയ്‌സ്ബുക്ക്, ആലിബാബ, ടെൻസെന്റ്, മക്‌ഡൊണാൾഡ്‌സ്, എ.ടി. ആൻഡ് ടി. എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് കമ്പനികൾ.