കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമായെങ്കിലും സംസ്ഥാനത്തെ ബാങ്ക് ശാഖകളിലെ പ്രവാസി നിക്ഷേപം നടപ്പു സാമ്പത്തികവർഷം (2021-22) ആദ്യ പാദത്തിൽ 7.71 ശതമാനം വർധിച്ചു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുപ്രകാരം 2021 ജൂൺ അവസാനം വരെയുള്ള എൻ.ആർ.ഐ. നിക്ഷേപം 2,36,496.24 കോടി രൂപയാണ്. 2020-21 സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ 2,18,247.02 കോടി രൂപയായിരുന്നു പ്രവാസി നിക്ഷേപം.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫ് മേഖലയിലും മറ്റുമായി ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് നിക്ഷേപത്തിൽ ഇത്രയും വർധനയുണ്ടായിരിക്കുന്നത്. പൊതുമേഖലാ ബാങ്ക് ശാഖകളിൽ മൊത്തം 1,08,234.04 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്.

സ്വകാര്യ മേഖലാ ബാങ്ക് ശാഖകളിലുള്ള എൻ.ആർ.ഐ. നിക്ഷേപം 1,24,290.35 കോടി രൂപയും. ഇക്കാലയളവിൽ സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ 2,151.70 കോടി രൂപയുടെയും കേരള ഗ്രാമീൺ ബാങ്കിൽ 1,183.72 കോടിയുടെയും സഹകരണ ബാങ്കുകളിൽ 6.43 കോടി രൂപയുടെയും പ്രവാസിനിക്ഷേപം രേഖപ്പെടുത്തി.

സഹകരണ മേഖലയിൽ നിക്ഷേപം കുറയുന്നു

:2020 ഏപ്രിൽ-ജൂൺ പാദവുമായി താരതമ്യം ചെയ്യുമ്പോൾ പൊതുമേഖലയിലേക്കുള്ള പ്രവാസികളുടെ പണമൊഴുക്കിൽ 5.67 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്.

സ്വകാര്യ ബാങ്കുകളിലെ നിക്ഷേപം 10.48 ശതമാനവും വർധിച്ചു. അതേസമയം, സഹകരണ ബാങ്കുകളിലെ നിക്ഷേപം 50.82 കോടി രൂപയിൽ നിന്നും 6.43 കോടി രൂപയായി കുറഞ്ഞു.