ന്യൂഡൽഹി: ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കൈകാര്യം ചെയ്യാൻ രൂപവത്കരിച്ച ‘നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്’ നൽകുന്ന സെക്യൂരിറ്റി രശീതിന് കേന്ദ്രസർക്കാർ ഗ്യാരന്റി നൽകും. ഇതിനായി 30,600 കോടി രൂപ മന്ത്രിസഭ അനുവദിച്ചു.

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയായ രണ്ടുലക്ഷം കോടി രൂപയാണ് എൻ.എ.ആർ.സി.എൽ. ഘട്ടംഘട്ടമായി ഏറ്റെടുക്കുകയെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ഏറ്റെടുക്കുമ്പോൾ 15 ശതമാനം പണമായും 85 ശതമാനം സെക്യൂരിറ്റി രശീതിയായും ആണ് നൽകുക.

അതിന്മേലായിരിക്കും കേന്ദ്രത്തിന്റെ ഗ്യാരന്റി. കമ്പനി നിയമപ്രകാരം രൂപവത്കരിച്ചതാണ് എൻ.എ.ആർ.സി.എൽ. കഴിഞ്ഞ ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായിരുന്നു.

കമ്പനിയുടെ 51 ശതമാനം ഉടമസ്ഥത പൊതുമേഖലാ ബാങ്കുകൾക്കാണ്. ഇതോടൊപ്പം ‘ഇന്ത്യ ഡെറ്റ് റസലൂഷൻ കമ്പനി ലിമിറ്റഡും’ (ഐ.ഡി.ആർ.സി.എൽ.) രൂപവത്കരിച്ചിട്ടുണ്ട്. ആസ്തികൾ കൈകാര്യം ചെയ്യാനുള്ള കമ്പനിയാണിത്. വിപണിവിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സഹായത്തോടെയാണ് കമ്പനി പ്രവർത്തിക്കുക. പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും ഇതിൽ 49 ശതമാനം ഉടമസ്ഥാവകാശം ഉണ്ടാവും.