2019ല്‍ ഇത് മൂന്നാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷമാകട്ടെ രണ്ടാം തവണയും. അതുകൊണ്ടുതന്നെ ആര്‍ബിഐയുടെ നിരക്ക് കുറയ്ക്കല്‍ ഭവന-വാഹന വായ്പകളുടെ പലിശ കുറയ്ക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതരാക്കും. 

ഈവര്‍ഷം മൂന്നുതവണയായി നിരക്ക് കുറച്ചതോടെ റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറഞ്ഞ് 5.75ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തില്‍നിന്ന് 5.50 ശതമാനമായും കുറഞ്ഞു.

2019 ഏപ്രിലിലും ഫെബ്രുവരിയിലും നടന്ന പണവായ്പ അവലോകനത്തില്‍ കാല്‍ശതമാനം വീതം റിപ്പോ നിരക്കില്‍ കുറവുവരുത്തിയിരുന്നു. ഇതോടെ ഈ കലണ്ടര്‍ വര്‍ഷം ഒരുശതമാനത്തിനടുത്ത് നിരക്കില്‍ കുറവുണ്ടായി. 

റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ കൈമാറുകയാണെങ്കില്‍ പ്രതിമാസ തിരിച്ചടവ് തുകയില്‍ എത്ര കുറവ് വരുമെന്ന് നോക്കാം. എസ്ബിഐയുടെ പലിശയാണ് ഉദാഹരണമായെടുത്തിരിക്കുന്നത്.

ഇഎംഐ കുറയുന്നതിങ്ങന
വായ്പ തുക      30,00000 രൂപ
കാലാവധി    20 വര്‍ഷം
നിലവിലെ പലിശ    8.6%
നിലവിലെ ഇഎംഐ   26,225 രൂപ
പുതുക്കിയ പലിശ    8.35%
പുതിയ ഇഎംഐ    25,751 രൂപ
ഇഎംഐയിലെ കുറവ്    474 രൂപ

നിക്ഷേപകര്‍ക്ക് തിരിച്ചടിയാകും

വായ്പ പലിശയില്‍ കുറവ് വരുന്നതോടൊപ്പം നിക്ഷേപ പലിശയും താഴും. ബാങ്ക് നിക്ഷേപങ്ങള്‍ക്കു പുറമെ, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെയും ഇത് ബാധിക്കും. ജൂലായില്‍ പലിശ പരിഷ്‌കരിക്കുമ്പോള്‍ ഇത് പ്രതിഫലിക്കാനാണ് സാധ്യത.