ന്ത്യയില്‍ ഒരു ബാങ്ക് തകര്‍ന്നാല്‍ നിക്ഷേപകന് ആകെ ലഭിക്കുക ഒരു ലക്ഷം രൂപമാത്രമാണ്. എന്നാല്‍ ഇതിനേക്കാള്‍ ആകര്‍ഷകമാണ് ഏഷ്യയിലെ മറ്റ് രാജ്യങ്ങളില്‍ നിക്ഷേപത്തിന് നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ.

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെമേല്‍ ആര്‍ബിഐയുടെ നിയന്ത്രണംവന്നപ്പോഴാണ് ഇതേക്കുറിച്ച് എല്ലാവരും ചിന്തിക്കാന്‍ തുടങ്ങിയത്.

ബാങ്കിന്റെ പ്രവര്‍ത്തനം എന്നന്നേക്കുമായി അവസാനിപ്പിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭിക്കുന്ന ഒരു ലക്ഷം രൂപ 25 വര്‍ഷം മുമ്പ് 1993ല്‍ നിശ്ചയിച്ചതാണ്. അതുകൊണ്ടുതന്നെ നിക്ഷേപത്തിന്മേലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നുകഴിഞ്ഞു. 

ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ നല്‍കുന്ന പരിരക്ഷ
ഫിലിപ്പൈന്‍സിലെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പ്രകാരം 500,000 പെസോ(9500ഡോളര്‍)സാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഇന്ത്യന്‍ കറന്‍സിയില്‍ കണക്കാക്കിയാല്‍ ഇത് 6.71 ലക്ഷത്തോളം രൂപവരും. 

തായ്‌ലന്‍ഡിലാണെങ്കില്‍ 50 ലക്ഷം ബട്ട്‌സാണ് ലഭിക്കുക. ഡോളറിലാണെങ്കില്‍ 1,60,000. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ കണക്കാക്കിയാല്‍ 1.13 കോടി രൂപവരും.

ചൈനയില്‍ 5 ലക്ഷം യുവാനാണ് ലഭിക്കുക. അതായത് 70,000 ഡോളര്‍. ഇന്ത്യന്‍ കറന്‍സിയിലാണെങ്കില്‍ 50 ലക്ഷം രൂപ. 

ഇവിടെയാണ് ഇന്ത്യയിലെ നിക്ഷേപ ഇന്‍ഷുറന്‍സ് എത്ര കുറവാണെന്ന് മനസിലാക്കേണ്ടത്. ഒരു ലക്ഷം രൂപ അതായത് 1,400 ഡോളര്‍ മാത്രം. 

രാജ്യങ്ങളെല്ലാം കാലനുസൃതമായി ഈതുക വര്‍ധിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ 25 വര്‍ഷം മുമ്പ് വരെ നല്‍കിയിരുന്ന തുക 30,000 രൂപവരെയായിരുന്നു.

1993നുശേഷം രാജ്യത്തെ സമ്പദ്ഘടന അതിവേഗത്തിലാണ് കുതിച്ചത്. ശരാശരി പ്രതിശീര്‍ഷ വരുമാനത്തിലും അതിനനുസരിച്ചുള്ള നിക്ഷേപത്തിലും കാര്യമായ വര്‍ധനവുണ്ടായി. 

മറ്റ് നിക്ഷേപ സാമഗ്രികളെ അപേക്ഷിച്ച് നിക്ഷേപം ബാങ്കുകളില്‍ കുമിഞ്ഞുകൂടി. 2017 സാമ്പത്തിക വര്‍ഷത്തെ, റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം കുടുംബങ്ങളുടെ 66 ശതമാനം നിക്ഷേപവും ബാങ്കിലാണെത്തുന്നത്.