ന്യൂഡല്‍ഹി: ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ എടുക്കുന്നയാളുടെ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശംനല്‍കി.

നിലവില്‍ ആര്‍ക്കാണോ ഡിഡി നല്‍കുന്നത് അവരുടെ പേരുവിവരങ്ങള്‍മാത്രമാണ് രേഖപ്പെടുത്താറുള്ളത്. 

കള്ളപ്പണ വിനിമയം തടയുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ നടപടി. പേ ഓര്‍ഡര്‍, ബാങ്കേഴ്‌സ് ചെക്ക് എന്നിവ നല്‍കുമ്പോഴും ഈ നടപടിക്രമങ്ങള്‍ പാലിക്കണം. 

സെപ്റ്റംബര്‍ 15 മുതലാണ് ഇത് ബാധകമെന്നും ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5,152 കേസുകളിലായി 28,459 കോടിയുടെ തട്ടിപ്പാണ് റിപ്പോര്‍ട്ടുചെയ്തത്. ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഉള്‍പ്പടെയുള്ള പണമിടപാടുകളിലെ പഴുതുകള്‍ പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പുകളേറെയുമെന്നും ആര്‍ബിഐ പറയുന്നു.