തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനുശേഷം കേരളത്തിലെ വാണിജ്യബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയപ്പോള്‍ വായ്പവിതരണത്തില്‍ വളര്‍ച്ച കുറഞ്ഞു. നോട്ടുനിരോധന കാലം ഉള്‍പ്പെടുന്ന, പിന്നിട്ട മൂന്നു പാദവര്‍ഷങ്ങളില്‍ (ഒമ്പതു മാസം) ബാങ്കുകളിലെ നിക്ഷേപം 35,358 കോടി രൂപ കൂടി. വായ്പയിലുണ്ടായ വര്‍ധനയാകട്ടെ, 12,332 കോടി രൂപ മാത്രവും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ റിപ്പോര്‍ട്ടിലാണ് നോട്ടുനിരോധനം വായ്പവളര്‍ച്ചയില്‍ കുറവുണ്ടാക്കിയെന്ന് സ്ഥിരീകരിക്കുന്നത്.

2016 ജൂണ്‍മുതല്‍ 2017 ജൂണ്‍വരെ നിക്ഷേപം 12 ശതമാനം വളര്‍ന്നപ്പോള്‍ വായ്പവളര്‍ച്ച രണ്ടു ശതമാനം താഴ്ന്നു. നോട്ടു നിരോധനത്തിനുശേഷമുള്ള മൂന്നുപാദങ്ങളിലും വായ്പവളര്‍ച്ച മുന്‍വര്‍ഷത്തെ സമാനപാദങ്ങളേക്കാള്‍ കുറവാണ്.

2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയത്. ഇതിനു തൊട്ടുമുമ്പുള്ള മൂന്നുമാസത്തില്‍ 65.53 ശതമാനമായിരുന്നു വായ്പ-നിക്ഷേപ അനുപാതം. പിന്നീടിത് പടിപടിയായി താഴ്ന്നു. മാര്‍ച്ചില്‍ 62.38 ശതമാനത്തിലെത്തി. ജൂണിലവസാനിച്ച് ത്രൈമാസത്തില്‍ 62.91 ശതമാനമായി കൂടിയെങ്കിലും മുന്‍വര്‍ഷം ഇതേകാലയളവിലേക്കാള്‍ രണ്ടുശതമാനം കുറവാണിത്. ജി.എസ്.ടിയും നോട്ടുനിരോധനവും ഉണ്ടാക്കിയ സാമ്പത്തികമാന്ദ്യം വായ്പയിലെ വളര്‍ച്ചയെ ഇനിയും ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.

ജൂണ്‍വരെ നിക്ഷേപം 4.15 കോടി
സംസ്ഥാനത്തെ വാണിജ്യബാങ്കുകളില്‍ ജൂണ്‍വരെയുള്ള നിക്ഷേപം 4.15 ലക്ഷം കോടി രൂപയാണ്. നിലനില്‍ക്കുന്ന വായ്പ 2.61 ലക്ഷം കോടിയും. പഴയ നോട്ടുകള്‍ തിരിച്ചെത്തിയതിനാല്‍ സംസ്ഥാനത്തെ ആഭ്യന്തര നിക്ഷേപത്തില്‍ 15 ശതമാനം വര്‍ധനയുണ്ടായി. ജൂണ്‍വരെ 1.54 ലക്ഷം കോടി രൂപ പ്രവാസി നിക്ഷേപമായെത്തി. എട്ടുശതമാനം വളര്‍ച്ച.

നോട്ട് നിരോധനത്തോടെ നിക്ഷേപം കൂടുതലായി എത്തിയെങ്കിലും ആനുപാതികമായി വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്കായില്ല. നോട്ടുകള്‍ മാറിനല്‍കുന്നതിലായിരുന്നു ബാങ്കുകളുടെ ശ്രദ്ധ. വായ്പവിതരണം ഏറക്കുറെ നിലച്ചിരുന്നു.

അതേസമയം, 2016 ജൂണ്‍മുതല്‍ ഈ ജൂണ്‍വരെ സഹകരണബാങ്കുകളുടെ വായ്പനിക്ഷേപ അനുപാതം 2.36 ശതമാനം കൂടി 69 ശതമാനമായി. കേരളത്തിലെ ബാങ്കിങ് ഇടപാടില്‍ സഹകരണമേഖലയുടെ പങ്ക് 13 ശതമാനമാണ്.
 
ഇക്കാലത്ത് വാണിജ്യബാങ്കുകളില്‍ ചെറുകിട-ഇടത്തരം വ്യവസായമേഖലയ്ക്കുള്ള വായ്പ 40,603 കോടി രൂപയില്‍നിന്ന് 40,239 കോടിയായി കുറഞ്ഞു. മുന്‍ഗണനാ മേഖലയില്‍ സഹകരണബാങ്കുകള്‍ ഉള്‍പ്പടെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ലഭിച്ച വായ്പ മൊത്തം വായ്പയുടെ 63 ശതമാനത്തില്‍നിന്ന് 49 ശതമാനമായും കുറഞ്ഞു.

വാണിജ്യബാങ്കുകളുടെ കിട്ടാക്കടം 11,105 കോടി രൂപയാണ്. വിദ്യാഭ്യാസ വായ്പയിലെ കിട്ടാക്കടം 1181 കോടിയില്‍നിന്ന് 1518 കോടിയായും കൂടി.

ബാങ്കുകളിലെ നിക്ഷേപവും വായ്പയും - നോട്ടുനിരോധനത്തിനു മുമ്പ് - നിക്ഷേപം വായ്പ അനുപാതം

2016 സെപ്റ്റം. 3,79,675 കോടി 2,48,802 കോടി 65.53%

നോട്ടുനിരോധനത്തിനു ശേഷം

2016 ഡിസം. 4,02,393 കോടി 2,51,207 കോടി 62.43%

2107 മാര്‍ച്ച് 4,10,492 കോടി 2,56,075 കോടി 62.38%

2017 ജൂണ്‍ 4,15,033 കോടി 2,61,134 കോടി 62.91%