വായ്പയെടുത്തവരുടെയെല്ലാം കൂട്ടുപലിശ എഴുതിത്തള്ളാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ സർക്കാരിനുണ്ടാകുന്ന അധിക ബാധ്യത 7000-7500 കോടി രൂപ. 

രണ്ടു കോടി രൂപവരെയുള്ള വായ്പകളുടെ തിരിച്ചടവുകൾക്ക് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കുന്നത് സർക്കാർ ഒഴിവാക്കിയിരുന്നു. പലിശ സർക്കാർ വഹിക്കുകയാണ് ചെയ്തത്. ഇതുപ്രകാരമുണ്ടായ ബാധ്യത 6500 കോടി രൂപയായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവു വന്നതോടെ അത്രതന്നെ ബാധ്യത വീണ്ടും സർക്കാരിനുണ്ടായിരിക്കുകയാണ്.  

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ ഓഗസ്റ്റുവരെയുള്ള ആറു മാസമാണ് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതുപ്രകാരം എല്ലാ വായ്പക്കാർക്കുമായി കൂട്ടുപലിശയിനത്തിലുള്ള ബാധ്യത 13,500-14,000 കോടി രൂപയാണെന്നാണ് കണക്കാക്കിയിരുന്നത്. ഈ സാഹചര്യത്തിലായിരുന്ന വായ്പ പരിധി രണ്ടുകോടിയിൽ നിർത്തിയത്.

ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ രണ്ടുകോടി രൂപവരെയുള്ള വായ്പകൾ, വ്യക്തികളുടെ ഭവനവായ്പ, വാഹനവായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വീട്ടുപകരണ വായ്പ, വിദ്യാഭ്യാസ വായ്പ, ഉപഭോക്തൃ വായ്പ, വ്യക്തിഗത, പ്രൊഫഷണൽ വായ്പ (എല്ലാം രണ്ടുകോടി രൂപ വരെ) എന്നിവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കിയത്. മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് അതിനുശേഷം ബാങ്കുകൾ കൂട്ടുപലിശ കൂടി കണക്കാക്കിയാണ് മാസത്തവണകൾ പുനർനിർണയിച്ചത്. അതേസമയം, എല്ലാ വിഭാഗക്കാരുടെയും വായ്പകളുടെ പലിശ മുഴുവൻ എഴുതിത്തള്ളാൻ സാധ്യമല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇക്കാര്യത്തിലാണ് സൂപ്രീംകോടത ഇടപെട്ടത്. പലിശയുടെ പലിശ(കൂട്ടുപലിശ)എഴുതിത്തള്ളുന്നതിന്റെ ആനുകൂല്യം രണ്ടുകോടി രൂപയിൽതാഴെയുള്ള വായ്പകൾക്കുമാത്രം അനുവദിക്കുന്നതിൽ യുക്തിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പലിശ മഴുവനായി എഴുതിത്തള്ളണം, മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന ഹർജികളാണ് സുപ്രീംകോടതി ഇപ്പോൾ പരിഗണിച്ചത്.

മൊറട്ടോറിയം കാലയളവിലെ പലിശ മൊത്തം എഴുതിത്തള്ളുകയാണെങ്കിൽ ആറു ലക്ഷംകോടി രൂപയുടെ അധികബാധ്യതയാണുണ്ടാകുകയെന്ന് കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.