കോട്ടയം: അതീവസുരക്ഷയിൽ ബാങ്കുകൾ പുറത്തിറക്കിയ ചിപ്പ് ഘടിപ്പിച്ച എ.ടി.എം. കാർഡുകൾ വ്യാജമായി നിർമിച്ച് പണം തട്ടുന്നത് സംസ്ഥാനത്ത് വ്യാപകമാകുന്നു. എറണാകുളത്തും കോട്ടയത്തുമായി എട്ടോളം കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തു.
നേരത്തെ മാഗ്നറ്റിക് സ്ട്രിപ്പ് പതിപ്പിച്ച കാർഡുകളാണുണ്ടായിരുന്നത്. കാലപ്പഴക്കത്തിൽ ഇവ ഉപയോഗിക്കാനാവാതെ വരും. ഇത്തരം കാർഡിലെ രഹസ്യങ്ങൾ ചോർത്തിയുള്ള തട്ടിപ്പ് സമീപകാലത്ത് വ്യാപകമായിരുന്നു. ഇതിന് പരിഹാരമായാണ് എ.ടി.എം. കാർഡുകളിൽ ചിപ്പ് ഘടിപ്പിച്ചത്. ഇവയിൽനിന്ന് പണം തട്ടുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കുകയാണ് സംസ്ഥാന സൈബർ സെൽ.
കാർഡ് ക്ലോണിങ്ങിലൂടെയോ തരംഗങ്ങളിലൂടെയുണ്ടാകുന്ന വിവരങ്ങൾ ശേഖരിച്ചോ പണം തട്ടാനാണ് സാധ്യതയെന്നാണ് സൈബർ വിദഗ്ധരുടെ അഭിപ്രായം. തരംഗങ്ങളിൽനിന്നുള്ള വിവരങ്ങൾ ഡീകോഡ് ചെയ്ത് രഹസ്യം ചോർത്താം. ആരു ചോദിച്ചാലും കാർഡിന്റെ വിവരങ്ങൾ പുറത്ത് പറയരുതെന്നും ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും സൈബർ സെൽ നിർദേശിക്കുന്നു.
മുൻകാലങ്ങളിൽ വിവരങ്ങൾ ചോർത്തി ഇതര സംസ്ഥാനങ്ങളിൽനിന്നാണ് പണം പിൻവലിച്ചുകൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ കേരളത്തിൽതന്നെയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എറണാകുളം കലൂർ സ്വദേശിയായ ഒരാളുടെ അക്കൗണ്ടിൽനിന്ന് ഏതാനും ദിവസങ്ങൾക്കുമുമ്പ് 40,000 രൂപ നഷ്ടമായിരുന്നു. എ.ടി.എം. കാർഡ് ഉപയോഗിച്ച് ഒരുതരത്തിലുമുള്ള ഓൺലൈൻ ഇടപാടുകളും നടത്തിയിട്ടില്ലെന്ന് പരാതിക്കാരൻ പറയുന്നു. എ.ടി.എം. കൗണ്ടറുകളിലും കടകൾ, പെട്രോൾ പമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വൈപ്പ് മെഷീനിലുമാണ് ആകെ ഉപയോഗിച്ചിട്ടുള്ളതെന്നും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കാർഡ് ക്ലോണിങ്
എ.ടി.എമ്മിലോ പി.ഒ.എസ്. (പോയിന്റ് ഓഫ് സെയിൽ) മെഷീനിലോ കാർഡ് ക്ലോണിങ് ഉപകരണം സ്ഥാപിച്ച് കാർഡ് സ്വൈപ്പ് ചെയ്യുമ്പോൾ വിവരം ശേഖരിക്കുന്നു. ഇങ്ങനെ ലഭിച്ച വിവരങ്ങൾവെച്ച് കാർഡ് വ്യാജമായി നിർമിച്ച് പണം തട്ടിയെടുക്കാം.
തരംഗങ്ങൾ വഴി വരുന്ന വിവരങ്ങൾ ശേഖരിക്കുന്നു
വ്യാപാര സ്ഥാപനങ്ങളിലോ പെട്രോൾ പമ്പുകളിലോ എ.ടി.എം. കാർഡ് സ്വൈപ്പ് ചെയ്യുമ്പോൾ പുറത്തുവരുന്ന തരംഗങ്ങൾ പ്രത്യേകം രൂപകൽപ്പന ചെയ്ത ഉപകരണം വഴി ശേഖരിക്കുന്നു. ഈ തരംഗങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളിൽനിന്ന് പിൻ നമ്പർ കണ്ടെത്തി, കാർഡ് വ്യാജമായി നിർമിച്ച് പണം തട്ടാനും സാധ്യതയുണ്ട്.