ദായനികുതി നിയമത്തിലെ ചില ഭേദഗതികളുടെ ഫലമായി കറൻസിയായി പണം സ്വീകരിക്കുന്നതിന്‌ നിയന്ത്രണങ്ങൾ വന്നിരിക്കുകയാണ്‌. കറൻസി നോട്ടുകളുടെ കാലം കഴിഞ്ഞുപോയി എന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സർക്കാരിന്റെ പ്രക്രിയയിൽ പുതിയതായി ആദായനികുതി നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ്‌ വകുപ്പ്‌ 269 എസ്‌.ടി. ഈ വകുപ്പ്‌ എല്ലാ ഗണത്തിലുംപെട്ട നികുതിദായകർക്കും ബാധകമാണ്‌. 
 
കാഷ്‌ ആയി നടത്താവുന്ന ഇടപാടുകളുടെ പരിധി രണ്ടുലക്ഷം രൂപയിൽ കൂടുതൽ ആകാൻ പാടില്ല എന്ന്‌ ഈ വകുപ്പ്‌ നിഷ്കർഷിക്കുന്നു. ഒട്ടുമിക്ക ഇടപാടുകൾക്കും ഇൗ പരിധി ബാധകമാണെന്നും കാണാം.

എ). ഒരു വ്യക്തി അഥവാ സ്ഥാപനത്തിൽ നിന്ന്‌ ഒരേ ദിവസം കാഷ്‌ ആയി സ്വീകരിക്കുമ്പോൾ.
ബി). ഒരേ ഇടപാടിന്റെ ഭാഗമായി സ്വീകരിക്കുമ്പോൾ (Form a single transaction).
സി). ഒരു സന്ദർഭം (Occassion) അഥവാ ഒരു സംഭവ (event) ത്തിന്റെ ഭാഗമായി സ്വീകരിക്കുമ്പോൾ.

 മേൽപ്പറഞ്ഞ മൂന്നു ഘടകങ്ങൾ പരിശോധിച്ചാൽ വളരെയധികം വ്യവഹാരങ്ങൾക്ക്‌ വഴിമരുന്നൊരുക്കുന്ന ഒരു വകുപ്പാണിതെന്നു കാണാം. ചില ഉദാഹരണങ്ങൾ പറയാം:

ഒരു വിൽപ്പന (Sale) നടത്തി കാഷ്‌ ആയി പണം സ്വീകരിക്കുമ്പോൾ, രണ്ടുലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ വകുപ്പ്‌ ബാധകമാകും. എന്നാൽ, ഒരേദിവസം തന്നെ പലർക്കായി വിൽപ്പന നടത്തി രണ്ടുലക്ഷം രൂപയിൽ കൂടുതൽ കാഷ്‌ സ്വീകരിച്ചാൽ വകുപ്പ്‌ ബാധകമാകില്ല.

അതേസമയം, ഒരേ വ്യക്തിക്ക്‌/സ്ഥാപനത്തിന്‌ പല ദിവസങ്ങളിലായി ചരക്ക്‌ അഥവാ സേവനം കടമായി നൽകുകയാണെങ്കിൽ, പ്രസ്തുത ഇടപാടുകളുടെ മൊത്തം തുക ഒരേ ഇടപാടായി കണക്കാക്കപ്പെടാനുള്ള സാധ്യത കുറവാണെങ്കിലും പ്രസ്തുത വ്യക്തി അഥവാ സ്ഥാപനത്തിൽ നിന്ന്‌ രണ്ടുലക്ഷം രൂപയിൽ കൂടുതൽ എപ്പോഴെങ്കിലും പണമായി സ്വീകരിച്ചാൽ വകുപ്പ്‌ ബാധകമായിത്തീരും. ഓരോ ബില്ലും വെവ്വേറെ ഇടപാട്‌ ആയി പരിഗണിച്ചാൽ തന്നെയും മേൽപ്പറഞ്ഞ ഖണ്ഡിക (സി) ബാധകമാകന്നതു കൊണ്ടാണിത്‌.

ഒരു ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആക്കപ്പെടുന്ന ഒരു രോഗിയുടെ കാര്യമെടുക്കാം, പ്രസ്തുത രോഗി ഡിസ്‌ചാർജ്‌ ചെയ്യപ്പെടുമ്പോൾ മരുന്നിന്റെ വില, ഓപ്പറേഷൻ ചാർജ്‌, മുറിവാടക, ഡോക്ടർമാരുടെ ഫീസ്‌ എന്നിങ്ങനെ പല ഗണങ്ങളിൽപ്പെട്ട ചാർജുകൾക്കുള്ള വെവ്വേറെ ബില്ലുകളുടെ ആകെ ത്തുകയാണല്ലോ നൽകേണ്ടി വരിക. ഇവയിൽ ഓരോ ബില്ലും രണ്ടുലക്ഷം രൂപയിൽ കൂടുതൽ അല്ലെങ്കിലും മൊത്തം തുക ഈ പരിധി കവിഞ്ഞാൽ വകുപ്പ്‌ ബാധകമായിത്തീരും. ഇവിടെയും (സി)യിൽ പറഞ്ഞിരിക്കുന്ന സംഭവം (event) അഥവാ സന്ദർഭം (occassion) എന്ന പദപ്രയോഗമാണ്‌. ‘വില്ലനാ’യിത്തീരുക.

ഈ വകുപ്പ്‌ ലംഘിച്ചാൽ പണം സ്വീകരിക്കുന്ന വ്യക്തി അഥവാ സ്ഥാപനം പിഴയായി നൽകേണ്ടിവരുന്നത്‌ വകുപ്പ്‌ 271 ഡി.എ. പ്രകാരം സ്വീകരിച്ച തുകയുടെ തത്തുല്യ തുകയാണ്‌.
ആദായനികുതിയിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടിട്ടുള്ള ഇടപാടുകൾക്കും ഈ വകുപ്പ്‌ ബാധകമാണെന്നുള്ളത്‌ ഈ വകുപ്പിന്റെ കാർക്കശ്യം വർധിപ്പിക്കുന്നു.
 
ഉദാഹരണമായി, സ്വന്തം പിതാവിൽ നിന്ന്‌ മകൻ അഥവാ മകൾ സമ്മാനമായി രണ്ടുലക്ഷം രൂപയിൽ കൂടുതൽ സ്വീകരിച്ചാൽ തത്തുല്യ തുക പിഴയായി നൽകേണ്ടി വന്നേക്കാം.

ആദായനികുതി നിയമത്തിലെ വകുപ്പ്‌ 44 എ.ബി. പ്രകാരം ‘ടാക്സ്‌ ഓഡിറ്റി’ന്‌ ബാധ്യതയുള്ള നികുതിദായകർ വകുപ്പ്‌ 285 ബി.എ. പ്രകാരം ഫോം നമ്പർ 61 എ സമർപ്പിച്ച്‌, മേൽപ്പറഞ്ഞ വിവരങ്ങൾ നികുതി വകുപ്പിന്‌ കൈമാറേണ്ടതുണ്ട്‌.

മേൽപ്പറഞ്ഞ വകുപ്പ്‌ 269 എസ്‌.ടി. പുതുതായി കൊണ്ടുവന്നതാണെങ്കിലും നിലവിലുള്ള ചില വകുപ്പുകളും (ഭേദഗതികൾക്ക്‌ മുൻപും പിൻപും) കാഷ്‌ ഇടപാടുകളെ നിയന്ത്രിക്കുന്നുണ്ട്‌.
വകുപ്പ്‌ 269 എസ്‌.എസ്‌. പ്രകാരം 20,000 രൂപയോ അതിൽ കൂടുതലോ കടം അഥവാ നിക്ഷേപം ആയി വാങ്ങുമ്പോൾ കാഷ്‌ ആയി വാങ്ങാൻ പാടില്ല. കാഷ്‌ ആയി വാങ്ങാവുന്ന മൊത്തം പരിധിയാണ്‌ 19,999 രൂപ. 
 
ഉദാഹരണമായി ‘എ’ എന്ന വ്യക്തി ‘ബി’ എന്ന വ്യക്തിയിൽ നിന്ന്‌ 18,000 രൂപ കടം വാങ്ങുന്നു എന്നു വയ്ക്കുക.  ഇനി 19,999 രൂപയിൽ കൂടുതൽ ‘എ’യ്ക്ക്‌ ‘ബി’യിൽ നിന്ന്‌ കാഷ്‌ ആയി കടം വാങ്ങാൻ പാടില്ല.
 
സ്ഥാവര വസ്തുക്കളുടെ ക്രയവിക്രയങ്ങൾക്കും 2015 ജൂൺ ഒന്നു മുതൽ തന്നെ മേൽപ്പറഞ്ഞ വകുപ്പ്‌ 269 എസ്‌.എസ്‌. ബാധകാമണെന്നുള്ള കാര്യവും ശ്രദ്ധേയമാണ്‌. ഈ വകുപ്പ്‌ ലംഘിച്ചാൽ വകുപ്പ്‌ 271 ഡി പ്രകാരം തത്തുല്യ തുക പിഴയായി നൽകേണ്ടി വന്നേക്കാം.

ഇ-മെയിൽ: kcjosephvarghese@gmail.com