കാറ് ആഢംബരമല്ലാതായിട്ട് വർഷങ്ങളായി. ജോലികിട്ടിയാൽ ചെറുപ്പക്കാർ ആദ്യം ചിന്തിക്കുന്നതുതന്നെ കാറ് വാങ്ങുകയെന്നതിനെക്കുറിച്ചാണ്. 

ഭവനവായ്പ കഴിഞ്ഞാൽ കുറഞ്ഞനിരക്കിൽ വായ്പ ലഭിക്കുന്നത് വാഹനം വാങ്ങുന്നതിനാണ്. അതുകൊണ്ടുതന്നെ വിവിധ ബാങ്കുകളിലെ പലിശ നിരക്കുകൾ താരതമ്യംചെയ്തുവേണം വാഹനവായ്പയെടുക്കാൻ. 

ചില ഡീലർമാർക്ക് വാഹന വായ്പ അനുവദിക്കാൻ ബാങ്കുകളുമായി കൂട്ടുകെട്ടുണ്ടാകും. വേഗത്തിൽ വായ്പ ലഭിക്കാൻ അത് സഹായിക്കും. കുറഞ്ഞ നിരക്കുകളുമാകും അവർ വാഗ്ദാനംചെയ്യുക. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശനിരക്കുകളും ബാങ്കുകൾ വാഗ്ദാനംചെയ്യുന്നുണ്ട്. 

ക്രഡിറ്റ് സ്‌കോറും വരുമാനവും വിലിയിരുത്തിയാണ് പലിശ നിരക്ക് തീരുമാനിക്കുക. 750 ഓ അതിനുമുകളിലോ സ്‌കോർ ഉള്ളവർക്ക് കുറഞ്ഞനിരക്കിൽ വായ്പ ലഭിക്കും. മോശം സ്‌കോറാണ് ഉള്ളതെങ്കിൽ വായ്പ നിരസിക്കുകയോ ഉയർന്ന പലിശ ഈടാക്കുകയോ ചെയ്യും. 

വാഹന വിലയുടെ 80-90ശതമാനമാകും ബാങ്കുകൾ വായ്പ അനുവദിക്കുക. ബാക്കിതുക നിങ്ങൾതന്നെ കണ്ടെത്തേണ്ടിവരും (ചില ബാങ്കുകൾ 100ശതമാനംവരെ വായ്പ അനുവദിക്കുന്നുണ്ട്). ഏഴുവർഷംവരെയാകും തിരിച്ചടവ് കാലാവധി. പലിശയെക്കൂടാതെ പ്രൊസസിങ് ഫീസ് ഉൾപ്പെടയുള്ള മറ്റ് നിരക്കുകളും പരിശോധിക്കണം. 

വിവിധ ബാങ്കുകളുടെ പലിശനിരക്കും 10 ലക്ഷം രൂപയുടെ വായ്പക്ക് അഞ്ചുവര്‍ഷ കാലാവധിയില്‍ നല്‍കേണ്ട പ്രതിമാസ തിരിച്ചടവ് തുകയും പരിശോധിക്കാം.

CAR LOAN
BANKS INTEREST RATE(%) EMI(Rs)
SBI 7.20 19,896
Canara Bank 7.30 19,943
PNB 6.65 19,636
Indian Bank 6.90 19,754
Bank of Baroda 7.00 19,801
Axis Bank 7.45 20,014
ICICI Bank 7.90 20,229
HDFC Bank 7.95 20,252
Federal Bank 8.50 20,517
South Indian Bank 9.05 20,783
Dhanalaxmi Bank 8.50 20,517