വായ്പാവിതരണത്തിലെ സാധ്യതകള്‍ പരിമിതമായതോടെ ബാങ്കുകള്‍ വൈകാതെ സ്ഥിരനിക്ഷേപ പലിശ കുറച്ചേക്കും. വായ്പാ ഡിമാന്‍ഡ് കുറഞ്ഞത് ബാങ്കുകളുടെ ലാഭത്തെ ബാധിക്കുമെന്നതിനാലാണ് പലിശകുറയ്ക്കാന്‍ സമ്മര്‍ദമുള്ളത്.
ഈമാസം തുടക്കത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്‌സ് അക്കൗണ്ടിലെ പലിശ 3.25ശതമാനത്തില്‍നിന്ന് മൂന്നുശതമാനമാക്കി കുറച്ചിരുന്നു. എസ്ബി അക്കൗണ്ടില്‍ ഒരുലക്ഷം രൂപവരെ ബാലന്‍സുള്ളവര്‍ക്കാണ് 3.25ശതമാനം പലിശ നല്‍കിയിരുന്നത്. അതിന് മുകളിലുള്ളവര്‍ക്ക് മുന്നുശതമാനവുമായിരുന്നു പലിശ.
സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകളാകും പലിശ കുറയ്ക്കാന്‍ ആദ്യംമുന്നോട്ടുവരിക. നിലവില്‍ പത്ത് വര്‍ഷത്തെ എസ്ബിഐയുടെ എഫ്ഡി പലിശ സ്വകാര്യമേഖലയിലെ കൊട്ടക് മഹീന്ദ്ര ബാങ്കിലെ എസ്ബിഐ അക്കൗണ്ടിലെ പലിശയേക്കാള്‍ കുറവാണ്.
ആവശ്യത്തിലധികം പണമാണ് ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ കണക്കുപ്രകാരം ബാങ്കുകളിലുള്ള മൊത്തം നിക്ഷേപം 133.4 ലക്ഷംകോടി രൂപയാണ്. 2019ലേതിനാക്കാള്‍ ഒമ്പതുശതമാനം അധികമാണിത്.
Banks may cut deposit rates soon