മുംബൈ: ബാങ്ക് നിക്ഷേപങ്ങളുടെ സമാഹരണം വരും വർഷം കാര്യമായി ഉയർത്താനാകില്ലെന്നും അടുത്ത സാമ്പത്തിക വർഷത്തെ പ്രധാന വെല്ലുവിളികളിലൊന്ന് ഇതായിരിക്കുമെന്നും ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ശിഖ ശർമ.

പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിലും നിക്ഷേപസമാഹരണത്തിലും ശാഖകൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. പ്രാദേശികമായി മികച്ച സേവനം ഒരുക്കാനും ശാഖകളിലൂടെ കഴിയും. അതിനാൽ ശാഖകളുടെ ശൃംഖല വിപുലീകരിക്കുന്നതിനായി ബാങ്ക് മുതൽമുടക്ക് തുടരുമെന്ന് അവർ വ്യക്തമാക്കി.

ഈ രംഗത്തെ വിപണി വിഹിതമുയർത്തുന്നതിൽ സ്വകാര്യ മേഖലാ ബാങ്കുകൾ പ്രധാന പങ്ക്‌ വഹിക്കും. കഴിഞ്ഞ ഒൻപത് വർഷംകൊണ്ട് ബാങ്കിന്റെ കറന്റ്, സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ബിസിനസ് ശക്തിപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് അവർ പറഞ്ഞു. നേതൃസ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ഒൻപത് വർഷങ്ങളിലെ ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഓഹരി ഉടമകളോട് സംസാരിക്കുകയായിരുന്നു അവർ.

ഈ വർഷം ഡിസംബർ 31-ന് ശിഖ ശർമ ആക്‌സിസ് ബാങ്കിന്റെ നേതൃപദവി ഒഴിയും. 2018 മേയ് 31-ന് സ്ഥാനം ഒഴിയേണ്ടതായിരുന്നെങ്കിലും 2018 ജൂൺ ഒന്നു മുതൽ മൂന്നു വർഷത്തേക്കു കൂടി കാലാവധി നീട്ടി നൽകാൻ കഴിഞ്ഞ വർഷം നടന്ന ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു.

എന്നാൽ 2018 ഡിസംബർ 31-ന് പദവി ഒഴിയാൻ അനുവദിക്കണമെന്ന് ശിഖ ഡയറക്ടർ ബോർഡിനോട് ആവശ്യപ്പെടുകയായിരുന്നു.