ന്യൂഡല്‍ഹി: എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐ. ഏറ്റെടുത്തതിനുപിന്നാലെ രണ്ടാംഘട്ട ബാങ്ക്‌ലയനവുമായി സര്‍ക്കാര്‍ മുന്നോട്ട്. കാനറാബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി.) എന്നിവയെക്കൊണ്ട് താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുപ്പിക്കാനാണ് നീക്കം.

ഇതിന്റെ സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നീതി ആയോഗിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും ബാങ്കുകള്‍ക്കും ഇത് ഗുണംചെയ്യില്ലെന്ന് ലയനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

ദേനാ ബാങ്ക്, വിജയ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് നീങ്ങുന്നത്. ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. നഷ്ടം നേരിടുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്യം പിന്നീട് പരിഗണിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയുമായി ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല.

കഴിഞ്ഞദിവസംനടന്ന പൊതുമേഖലാ ബാങ്കുകളുടെ അവലോകനയോഗത്തിനുശേഷം ലയനവുമായി മുന്നോട്ടുപോകാന്‍തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നീതി ആയോഗിനോട് ആവശ്യപ്പെട്ടത്.

പൊതുമേഖലാബാങ്കുകളുടെ കിട്ടാക്കടത്തിന്റെ പ്രശ്‌നം ഉന്നയിച്ചാണ് ലയന പദ്ധതിയുമായി നീങ്ങുന്നത്. രാജ്യത്തെ ബാങ്കുകള്‍ക്ക് ഏഴുലക്ഷം കോടിയിലേറെ കിട്ടാക്കടമുള്ളതില്‍ ആറുലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകള്‍ക്കാണ്. വലിയ സ്ഥാപനങ്ങളായി മാറിക്കഴിയുമ്പോള്‍ ഭാവിയിലുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ കാര്യക്ഷമതയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കനറാ ബാങ്ക് 2016-17 സാമ്പത്തികവര്‍ഷം 1122 കോടിയുടെ അറ്റാദായം നേടിയിരുന്നു. മുന്‍വര്‍ഷം 2813 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 8.1 ശതമാനം വര്‍ധിച്ച്, കഴിഞ്ഞ മാര്‍ച്ച് 31 വരെ 34,202 കോടിയായിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ 1383 കോടിയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം 5396 കോടിയുടെ നഷ്ടം നേരിട്ടിരുന്നു. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 5.4 ശതമാനം വര്‍ധിച്ച് 42,719 കോടിയായി.

എതിര്‍ത്ത് സംഘടനകള്‍
പൊതുമേഖലാബാങ്കുകളുടെ ലയനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷംചെയ്യുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആരോപിച്ചു. വലിയ ബാങ്കുകളില്‍ ലയിക്കുന്നതോടെ ഇവയുടെ സംസ്‌കാരവും നയങ്ങളും മാറുന്നത് ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ബ്രാഞ്ചുകളുടെയും ജീവനക്കാരുടെയും എണ്ണം കുറയും. ഫലത്തില്‍ ഇടപാടുകാര്‍ക്ക് ലഭിക്കുന്ന സേവനങ്ങളില്‍ കുറവുണ്ടാകുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ പറഞ്ഞു.

വാണിജ്യബാങ്കുകള്‍ ചെറുകിട ഗാര്‍ഹിക ഉപയോക്താക്കളുമായി ഇടപാടുകള്‍ കുറയ്ക്കണമെന്ന നിലപാടും ലയനത്തിന് പിന്നിലുണ്ടെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. എസ്.ബി.ഐ., കാനറാ ബാങ്ക് തുടങ്ങിയ വാണിജ്യ ബാങ്കുകളെല്ലാം വന്‍കിട ഇടപാടുകള്‍ക്ക് പ്രാധാന്യംകൊടുക്കും. ചെറുകിട ഉപയോക്താക്കള്‍ സേവനങ്ങള്‍ക്കായി കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, ഗ്രാമീണബാങ്കുകള്‍ തുടങ്ങിയവയെ ആശ്രയിക്കട്ടെ എന്ന നിലപാടാണ് റിസര്‍വ് ബാങ്കും സ്വീകരിക്കുന്നതെന്ന് അസോസിയേഷന്‍ പറയുന്നു. ഫലത്തില്‍ കാര്‍ഷികവായ്പ, വിദ്യാഭ്യാസവായ്പ, ചെറുകിട നിക്ഷേപങ്ങള്‍ തുടങ്ങി സാധാരണക്കാരുടെ ഇടപാടുകളില്‍നിന്ന് വന്‍കിട വാണിജ്യബാങ്കുകള്‍ അകന്നുനില്‍ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

അസോസിയേറ്റ് ബാങ്കുകളെ ഏറ്റെടുത്തതിനെത്തുടര്‍ന്ന് ആറായിരത്തോളം ജീവനക്കാര്‍ക്ക് വി.ആര്‍.എസ്.(സ്വയം വിരമിക്കല്‍) നല്‍കിയിരുന്നെന്ന് കൃഷ്ണ പറഞ്ഞു. ജോലി അന്തരീക്ഷത്തിലെ മാറ്റംകാരണം ഒട്ടേറെ ജീവനക്കാര്‍ സ്വയംവിരമിക്കലിന് താത്പര്യപ്പെടുന്നുണ്ടെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.