ആർബിഐയുടെ പുതിയ നിയമംപ്രാബല്യത്തിൽവരുന്നതിനാൽ ഏപ്രിൽ ഒന്നുമുതൽ ബിൽ പേയ്‌മെന്റുകൾ തടസ്സപ്പെടാൻ സാധ്യത. മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വരിസംഖ്യയടയ്ക്കൽ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനത്തെയാകും ഇത് ബാധിക്കുക. 

പരിഷ്‌കാരം നടപ്പാകുന്നതോടെ ബാങ്ക്, കാർഡ്, യുപിഐ ഇപാടുകൾ, വാലറ്റ്, നാഷണൽ പെയ്‌മെന്റ് കോർപറേഷൻ വഴിയുള്ള ഇടപാടുകൾ തുടങ്ങിയവ തടസ്സപ്പെട്ടേക്കാം.

ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷവർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് കൂടുതലായി  ഓതന്റിക്കേഷൻ(എഎഫ്എ) കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. രണ്ടായിരും രൂപവരെയുള്ള ഇടപാടുകൾക്കായിരുന്നു ഈസംവിധാനം കൊണ്ടുവരാൻ നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിവിധമേഖലകളിൽനിന്ന് ആവശ്യമുയർന്നതിനെതുടർന്ന് പരിധി 5000 രൂപയായി വർധിപ്പിച്ചു. പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ സമയപരിധി മാർച്ച് 31നാണ് അവസാനിക്കുക.

പുതുക്കിയ വ്യവസ്ഥപ്രകാരം പണം അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്നതിന് അഞ്ചുദിവസംമുമ്പ് ഉപഭോക്താവിന് അറിയിപ്പ് നൽകണം. അക്കൗണ്ട് ഉടമ അനുമതി നൽകിയാൽമാത്രമെ ഇടപാട് സാധ്യമാകൂ. നിലവിൽ ഓട്ടോ പേയ്‌മെന്റ് സംവിധാനം ഒരിക്കൽ നൽകിയാൽ നിശ്ചിതകാലയളവിൽ പണം അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക്കായി പോകുമായിരുന്നു. 

പരിഷ്‌കാരം നടപ്പാക്കുന്നതുസംബന്ധിച്ച് കൂടുതൽ വ്യക്തത ബാങ്കുകളും വാലറ്റുകളും മറ്റുംഇതുവരെ ഉപഭോക്താക്കൾക്ക് നൽകിയിട്ടില്ല. 

Auto-Payments of Your Utility Bills May Get Disturbed Due to New RBI Rule