സിംഗപൂര്‍: അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാങ്കിങ് മേഖലയില്‍ 30 ശതമാനം തൊഴില്‍ നഷ്ടമുണ്ടാകും.

നിര്‍മിത ബുദ്ധിയും റോബോട്ടിക്‌സും നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാക്കുമെന്ന് ബ്ലൂംബര്‍ഗ് ടിവിക്കനുവദിച്ച അഭിമുഖത്തില്‍ സിറ്റി ഗ്രൂപ്പിന്റെ മുന്‍ സിഇഒ വിക്രം പണ്ടിറ്റ് വ്യക്തമാക്കി.

യുഎസിലെയും യൂറോപ്പിലെയും സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പണ്ടിറ്റ് ഇത് പറഞ്ഞതെങ്കിലും ഓട്ടോമേഷനുള്‍പ്പടെയുള്ള സാങ്കേതിക വിദ്യകള്‍ നടപ്പാക്കുന്നതില്‍ മുന്നിലുള്ള ഇന്ത്യക്കും ബാധകമാകും.

പാസ്ബുക്ക് അപ്‌ഡേറ്റ് ചെയ്യല്‍, പണം നിക്ഷേപിക്കല്‍, ഉപഭോക്താവിനെ തിരിച്ചറിയുന്ന വിവിരങ്ങള്‍ പരിശോധിക്കല്‍ തുടങ്ങിയവയെല്ലാം നിര്‍വഹിക്കാന്‍ മനുഷ്യ അധ്വാനം വേണ്ടാതാകും. 

പ്രമുഖ സ്വകാര്യ ബാങ്കുകളായ ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ ഇപ്പോഴെ ഈവഴി ചിന്തിച്ചുതുടങ്ങി.

വായ്പ പ്രൊസസിങ്, ധനകാര്യ ഉത്പന്നങ്ങളുടെ വിപണനം തുടങ്ങിയവക്ക് കേന്ദ്രീകൃത സംവിധാനം ഇപ്പോള്‍തന്നെയുണ്ട്. 

ചെക്ക് ബുക്കിന് അപേക്ഷിക്കല്‍ 75 ശതമാനവും ഇപ്പോള്‍ ഡിജിറ്റലായാണ് നടക്കുന്നത്. നേരത്തെ ഉപഭോക്താവ് ബാങ്കിലെത്തി അപേക്ഷനല്‍കുകയാണ് ചെയ്തിരുന്നത്. പണം നിക്ഷേപിക്കുന്നതിനും ഇപ്പോള്‍തന്നെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളുണ്ട്.