Photo: Gettyimages
ബെംഗളുരുവിലെ ഐടി കമ്പനി ജീവനക്കാരനായിരുന്ന ഡാനി ഒരു വര്‍ഷം മുമ്പാണ് സ്വന്തമായി സംരംഭം തുടങ്ങിയത്. കോവിഡില്‍നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമായതിനാല്‍ ബിസിനസ് വൈകാതെ പച്ചപിടിച്ചു.
കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ പണം കുമിഞ്ഞുകൂടി. മാസാവസാനം ജോലിക്കാര്‍ക്ക് ശമ്പളം നല്കിയാലും നല്ലൊരു തുക അക്കൗണ്ടില്‍ ബാക്കികിടന്നു. ശരാശരി 10 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി സംരംഭം ഉയര്‍ന്നു. അറ്റാദായം ഉയര്‍ന്നതോടെ കൂടുതല്‍ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡാനി. ആയിടയ്ക്കാണ് സുഹൃത്തായ ഫിനാന്‍ഷ്യല്‍ പ്ലാനറെ കാണാനിടയായത്.
കറന്റ് അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള ഭീമമായ തുക ഹ്രസ്വകാലയളവില്‍ നിക്ഷേപിച്ച് മികച്ച ആദായം നേടാനുള്ള സാധ്യതയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കറന്റ് അക്കൗണ്ടില്‍നിന്ന് പലിശയൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ നാലോ അഞ്ചോ ദിവസം നിക്ഷേപിച്ചാല്‍ പോലും തരക്കേടില്ലാത്ത ആദായം സ്വന്തമാക്കാമെന്ന് ഡാനിക്ക് അപ്പോഴാണ് ബോധ്യമായത്.
ഉദാഹരണം നോക്കാം: ഒരാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ജനുവരി 17ന് ഒരു കോടി രൂപ ആക്സിസ് ലിക്വിഡ് ഫണ്ടില്‍ നിക്ഷേപിച്ചുവെന്നിരിക്കട്ടെ, ജനുവരി 25ലെ എന്‍എവി പ്രകാരം 11,102 രൂപയാണ് അധികമായി ലഭിക്കുക. ജനുവരി രണ്ടിനാണ് ഈ തുക നിക്ഷേപിച്ചിരുന്നതെങ്കില്‍ 23 ദിവസംകൊണ്ട് ആദായം 36,443 രൂപയായിട്ടുണ്ടാകുമായിരുന്നു.
ലിക്വിഡ് ഫണ്ട്
പണം സൂക്ഷിക്കാനുള്ള താല്‍ക്കാലിക സംവിധാനം മാത്രമാണ് ബാങ്കിലെ കറന്റ്- സേവിങ്സ് അക്കൗണ്ടുകള്‍. ഇക്കാര്യം അറിയാമെങ്കിലും കൂടുതല്‍ തുക അക്കൗണ്ടില്‍ ദീര്‍ഘകാലം കരുതിവെയ്ക്കുന്നവരുണ്ട്. കറന്റ് അക്കൗണ്ടിലെ ബാലന്‍സിന് ഒരു രൂപ പോലും പലിശ ലഭിക്കില്ല. സേവിങ്സ് അക്കൗണ്ടിലാണെങ്കില്‍ രണ്ടര മുതല്‍ മൂന്നു ശതമാനം വരെയുമാണ് പലിശ നല്‍കുന്നത്.
താരതമ്യേന കൂടുതല്‍ ആദായം ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍, ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ പണം സൂക്ഷിക്കാന്‍ ലിക്വിഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. 91 ദിവസത്തില്‍ താഴെ കാലാവധിയുള്ള മണിമാര്‍ക്കറ്റ് ഉപകരണങ്ങളിലാണ് ലിക്വിഡ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത് എന്നതുകൊണ്ടുതന്നെ നഷ്ടസാധ്യത ഇല്ലെന്നുപറയാം.
നികുതി ബാധ്യത
ലിക്വിഡ് ഫണ്ടില്‍ നിക്ഷേപം മൂന്നുവര്‍ഷം കൈവശംവെച്ചശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ വിലക്കയറ്റം കിഴിച്ചുള്ള(ഇന്ഡക്സേഷന് ആനുകൂല്യം)തുകയ്ക്ക് നികുതി നല്കിയാല് മതിയാകും. മുന്നുവര്ഷത്തിനുതാഴെയാണ് നിക്ഷേപ കാലവധിയെങ്കില് വരുമാനത്തോടൊപ്പം ചേര്‍ത്ത് ബാധകമായ സ്ലാബ് അനുസരിച്ച് നികുതി നല്‍കണം.
കുറിപ്പ്: ഹ്രസ്വകാലയലളവില് വലിയ തുക നിക്ഷേപിക്കുന്നവര്‍ക്കാണ് ലിക്വിഡ് ഫണ്ട് അനുയോജ്യം. വന്‍കിട-ചെറുകിട കച്ചവടക്കാര്‍ക്കും പ്രൊഫഷണല്‍സിനും പരിഗണിക്കാം. കറന്റ്, സേവിങ്സ് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന ആദായം റിസ്ക് കുറഞ്ഞ ഈ നിക്ഷേപ പദ്ധതിയില്‍നിന്ന് ലഭിക്കും.
antonycdavis@gmail.com
Content Highlights: Alternative to Bank Account: Earn 36,000 rupees per month
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..