Photo: Gettyimages
2021-22സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി ഒരു മാസം മാത്രം ബാക്കി. തിയതി നീട്ടിയില്ലെങ്കില്‍ ജൂലായ് 31നകം റിട്ടേണ്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യണം. അതിനായി നേരത്തെതന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങാം.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആവശ്യമായ രേഖകളില്‍ പ്രധാനപ്പെട്ടതാണ് ആനുവല്‍ ഇന്‍ഫോര്‍മേഷന്‍ സ്റ്റേറ്റുമെന്റ്(എ.ഐ.എസ്). അതേക്കുറിച്ച് വിശദമായി അറിയാം.
എന്താണ് എ.ഐ.എസ്
ഓരോ വര്‍ഷത്തെയും സാമ്പത്തിക ഇടപാടുകള്‍ വിശദമാക്കുന്ന സ്റ്റേറ്റുമെന്റാണ് എ.ഐഎസ്. ശമ്പളം, പലിശ, ലാഭവീതം, ഓഹരി-മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍, വിദേശത്തേയ്ക്ക് പണമയച്ചതിന്റെ വിവരങ്ങള്‍, വാടക വരുമാനം, ഭൂമികച്ചവടം എന്നുവേണ്ട എല്ലാ സാമ്പത്തിക ഇടപാടുകളും എ.ഐ.എസില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.
നികുതിദായകരുടെ സാമ്പത്തിക ഇടപാടുകള്‍ സമഗ്രമായി വിശദമാക്കുന്ന വാര്‍ഷിക ഇന്‍ഫോര്‍മേഷന്‍ സ്റ്റേറ്റുമെന്റ് പരിശോധിക്കുകയാണ് ആദ്യംചെയ്യേണ്ടത്. ഫോം 26 എ.എസിന് പകരമായാണ് വിശദമായ സ്റ്റേറ്റുമെന്റ് ആദായനികുതി വകുപ്പ് മുന്നോട്ടുവെച്ചിട്ടുള്ളത്. നികുതിദായകന് വിവരങ്ങള്‍ നല്കാന് മറന്നാലും സ്റ്റേറ്റുമെന്റില്‍ കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.
നികുതിദായകന് ചെയ്യേണ്ടത്
പുതിയ ആദായ നികുതി ഇ-ഫെയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തശേഷം മുകളില്‍ കാണുന്ന സര്‍വീസ് ടാബിന് കീഴിലുള്ള എഐഎസ് -എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സമഗ്രവിവരങ്ങള്‍ കണാനും പിഡിഎഫ് ഉള്‍പ്പടെയുള്ള വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
വിവരങ്ങളില്‍ തെറ്റോ ഇരട്ടിപ്പോ ഉണ്ടെങ്കില്‍ ഓണ്‍ലൈനായിതന്നെ ഇക്കാര്യം അറിയിക്കാന്‍ സൗകര്യമുണ്ട്. ഒന്നിലധികം വസ്തുതകള്‍ ഒരേസമയം ഫീഡ്ബാക്കായി നല്കാനുമാകും. ഓഫ്ലൈനായി ഇക്കാര്യം അറിയിക്കാന്‍ എഐസ് യൂട്ടിലിറ്റി(സോഫ്റ്റ് വെയര്‍)യും നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്ത മൂല്യവും നികുതി ദായകന് നല്കിയ മൂല്യവും എഐഎസില്‍ പ്രത്യേകം കാണിക്കും. വിവരങ്ങള്‍ പുതുക്കുകയോ നിരസിക്കുകയോ ചെയ്താല്‍, സ്ഥിരീകരണത്തിനായി വിവര ഉറവിടവുമായി ബന്ധപ്പെടാവുന്നതാണ്.
എളുപ്പത്തില്‍ വിവരങ്ങള്‍ മനസിലാക്കിയെടുക്കാന്‍ സഹായിക്കുന്നതരത്തില്‍ ടാക്സ്പെയര്‍ ഇന്‍ഫോര്‍മേഷന്‍ സമ്മറി(ടിഐഎസ്)യുമുണ്ട്. എഐഎസില്‍ നികുതിദായകന് നല്കുന്ന വിവരത്തിനനുസരിച്ച് തത്സമയം ടിഐഎസില്‍ അപ്ഡേറ്റ്ചെയ്യും. മൊത്തംവരുമാനം കാണിക്കുന്നത് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കും.
50ലേറെ ഇടപാട് വിവരങ്ങള്‍
ശമ്പളം, പലിശ, ലാഭവീതം തുടങ്ങിയവയ്ക്കുപുറമെ, എസ്ബി അക്കൗണ്ടില്‍നിന്ന് ലഭിച്ച പലിശ, ആദായ നികുതി റീഫണ്ടിലെ പലിശ, ലോട്ടറി സമ്മാനം, പി.എഫിലെ ബാലന്‍സ്, കടപ്പത്രം, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയില്‍നിന്നുള്ള വരുമാനം, ഓഹരി ഇടപാട്, ഇന്ഷുറന്സില്നിന്നുള്ള കമ്മീഷന്, മ്യൂച്വല്‍ ഫണ്ട് ഇടപാട്, വിദേശയാത്ര എന്നിങ്ങനെ എല്ലാ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും എഐഎസില്നിന്ന് ലഭിക്കും.
ഫോം 16 ഉള്‍പ്പടെയുള്ള രേഖകളോടൊപ്പം എഐഎസുകൂടി വിലയിരുത്തിയശേഷംമാത്രം റിട്ടേണ്‍ ഫയല്‍ ചെയ്യുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..