Photo: Gettyimages
യാത്ര ഉള്‍പ്പടെയുള്ള വിദേശ ചെലവഴിക്കലുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ജൂലായ് ഒന്നു മുതല്‍ അധിക ബാധ്യതയുണ്ടാകും. സ്രോതസില്‍നിന്ന് 20 ശതമാനം നികുതി ഈടാക്കാന്‍ തീരുമാനിച്ചതോടെയാണിത്. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന്(എല്‍.ആര്‍.എസ്)കീഴില്‍ ഇതുവരെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഒരു സാമ്പത്തിക വര്‍ഷം 2.5 ലക്ഷം ഡോളര്‍(രണ്ടു കോടി രൂപ)വരെ ചെലവാക്കാന്‍ അനുമതി നല്‍കുന്നതാണ് എല്‍.ആര്‍.എസ്. ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിദേശ ചെലവഴിക്കലുകള്‍ക്ക് അഞ്ച് ശതമാനം ടിസിഎസ് നിലവില്‍ ബാധകമാണ്. ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് ചെലവഴിക്കലെങ്കില്‍ 20 ശതമാനം അധിക ചെലവ് ഇനിയുണ്ടാകും.
ടിസിഎസിനെക്കുറിച്ച് അറിയാം
ടിഡിഎസിന് സമാനമാണ് ടിസിഎസ്. സ്രോതസില്‍നിന്നുതന്നെ നികുതി ഈടാക്കുന്ന സംവിധാനമാണിത്. ടിഡിഎസ്, ടിസിഎസ് എന്നിവയെ പൂര്‍ണമായും നികുതി ബാധ്യതായി കണക്കാക്കാന്‍ കഴിയില്ല. മുന്‍കൂര്‍ നികുതി പിരിവ് മാത്രമാണിവ. മാത്തം വാര്‍ഷിക നികുതി കണക്കാക്കി അതില്‍നിന്ന് കുറയ്ക്കുകയോ നികുതി ബാധ്യതയില്ലെങ്കില്‍ തിരികെ വാങ്ങുകയോ ചെയ്യാം. ഉദാഹരണത്തിന്, വിദേശത്തുപോയി ഹോട്ടലില്‍ താമസിക്കുന്നതിന് ക്രെഡിറ്റ് കാര്‍ഡ് വഴി 100 ഡോളര്‍ ചെലവഴിച്ചെന്ന് കരുതുക. കാര്‍ഡ് നല്‍കിയ ധനകാര്യ സ്ഥാപനം 20 ഡോളറിന് തുല്യമായ തുകകൂടി(1,648 രൂപ) ടിസിഎസ് ആയി ഈടാക്കും. ഈ തുകയാണ് റീഫണ്ടായി പിന്നീട് ലഭിക്കുക.

2020 ബജറ്റില്‍ എല്ലാ ഇടപാടുകള്‍ക്കും ടിസിഎസ് ബാധകമാക്കിയിരുന്നില്ല. ഏഴ് ലക്ഷം രൂപയില്‍ കൂടുതലുള്ള (എല്‍ആര്‍എസിന് കീഴിലുള്ള) പണമിടപാടുകള്‍ക്ക് മാത്രമായിരുന്നു ടിസിഎസ് ഈടാക്കിയിരുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളെ ഒഴിവാക്കിയിരുന്നുവെന്ന് ചുരുക്കം. 2023ലെ ബജറ്റില്‍ കുറഞ്ഞ പരിധി എടുത്തുകളഞ്ഞതോടൊപ്പം ക്രെഡിറ്റ് കാര്‍ഡിനെ ഉള്‍പ്പെടുത്തകയും ചെയ്തു. ഡെബിറ്റ് കാര്‍ഡ്, ഫോറെക്‌സ് കാര്‍ഡ് മുതലായവ വഴി ചെലവഴിച്ചാലും ടിസിഎസ് ബാധകമാണ്. അതേസമയം, ഇന്ത്യയില്‍നിന്ന് വിദേശ ഉത്പന്നങ്ങളോ സേവനങ്ങളോ(ഉദാ: സബ്‌സ്‌ക്രിപ്ഷന്‍ പോലുള്ളവ) വാങ്ങുന്നതിനെ ഇത് ബാധിച്ചേക്കില്ല.
എങ്ങനെ തിരികെ ലഭിക്കും?
ബാങ്കോ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയ സ്ഥാപനമോ ടിസിഎസ് റിട്ടേണുകള്‍ ഫയല്‍ ചെയ്താല്‍ ഓരോ പാദത്തിലും ഫോം 26എഎസില്‍ തുകയും അതുസംബന്ധിച്ച വിവരങ്ങളും പ്രതിഫലിക്കും. ഓരോരുത്തരും അടയ്‌ക്കേണ്ട മുന്‍കൂര്‍ നികുതിയോടൊപ്പം വേണമെങ്കില്‍ ഇത് ക്രമീകരിക്കാം. ശമ്പളവരുമാനക്കാര്‍ക്ക് വരുമാനത്തിന് അനുസൃതമായി തൊഴിലുടമ ടിഡിഎസ് പിടിക്കുന്നതിനാല്‍(മറ്റ് ആദായമില്ലെങ്കില്‍)നികുതി ബാധ്യതയുണ്ടാകുന്നില്ല. അത്തരം സാഹചര്യത്തില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് ടിസിഎസ് തിരികെ ലഭിക്കാന്‍ റീഫണ്ട് അവകാശപ്പെടാം. ഈ തുക തിരികെകിട്ടുമെങ്കിലും അത്രയും കാലത്തെ പലിശ നഷ്ടപ്പെടും. സമയത്തിന് റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ നിലവില്‍ റീഫണ്ട് ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവ് വെയ്ക്കാറുണ്ട്.
വിദേശ വിദ്യാഭ്യാസം
കേരളത്തില്‍ വിദേശ വിദ്യാഭ്യാസം ട്രന്‍ഡായി മാറിക്കഴിഞ്ഞു. അവര്‍ക്കായിരിക്കും പുതിയ പ്രഖ്യാപനത്തില്‍ ആശങ്ക വര്‍ധിക്കാന്‍ സാധ്യതയുള്ളത്. വിദ്യാഭ്യാസ ചെലവുകള്‍ക്കായി പണമയക്കുമ്പോള്‍ അഞ്ച് ശതമാനമാണ് ടിസിഎസ് ഈടാക്കുക. അതേസമയം, ദൈനംദിന ചെലവുകള്‍, യാത്ര, കാമ്പസിന് പുറത്തുള്ള താമസം തുടങ്ങിയ ചെലവുകളെക്കുറിച്ച് വ്യക്തതയില്ല. ഇത്തരം വിനിമയങ്ങള്‍ക്ക് കുറഞ്ഞ ടിസിഎസ് നിരക്കായ അഞ്ച് ശതമാനമായിരിക്കും ബാധകമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചെലവുകള്‍ ഇത്തരത്തിലുള്ളവയാണെന്ന് തെളിയിക്കല്‍ വെല്ലുവിളിയാകുമെന്നുമാത്രം.
പ്രായോഗിക തടസ്സങ്ങള്‍
ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍ക്കും മറ്റുമുള്ള ചെലവഴിക്കല്‍ കോര്‍പറേറ്റ് ക്രെഡിറ്റ് കാര്‍ഡ് വഴിയാകുമ്പോള്‍ കറന്റ് അക്കൗണ്ടില്‍ നിന്നായതുകൊണ്ട് ടിസിഎസ് ബാധകമാവില്ല. എല്‍ആര്‍എസിന് കീഴില്‍ അത് വരികയുമില്ല. കോര്‍പറേറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന വ്യക്തിഗത ചെലവുകളില്‍നിന്ന് ബിസിനസ് ആവശ്യത്തിനുള്ളവ എങ്ങനെ വേര്‍തിരിച്ചറിയാന്‍ കഴിയുമെന്നതും വ്യക്തമല്ല.
Content Highlights: 20% TCS on credit card forex payments from July 1
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..