കോഴിക്കോട് : കൂട്ടികള്‍ക്ക് മുത്തശ്ശികഥ പറയാനും പാട്ടു പാടി കേള്‍പ്പിക്കാനും ഇനി റോബോ ബേബി കൂട്ടുണ്ടാവും. അംഗവിക്ഷേപങ്ങളോടു കൂടി കഥ പറയാനും പാട്ടു പാടാനും കഴിയുന്ന ഈ കുഞ്ഞു റോബോട്ടിന്റെ പണിപ്പുരയിലാണ് കോഴിക്കോടിനടുത്ത് സ്ഥിതി ചെയ്യുന്ന കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ സൈബ്രോസിസ് ടെക്ക്‌നോളജീസ് എന്ന കമ്പനി. ഒപ്പം മത്സര പരീക്ഷകള്‍ക്കുപയോഗിക്കുന്ന ഒ.എം.ആര്‍ ഉത്തര കടലാസുകള്‍ ചിലവു കുറഞ്ഞ രീതിയില്‍ നിര്‍മിക്കാവുന്ന സാങ്കേതിക വിദ്യയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.

രണ്ടു സാങ്കേതിക വിദ്യകളുടേയും പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സൈബ്രോസിസ്.

റോബോ ബേബി ഒരു നൂതന ആശയത്തിലേക്ക് വഴിതുറക്കുന്ന എംബഡഡ് സോഫ്റ്റ് വെയറാണ്. ഒരു കുഞ്ഞു പാവയാണ് ഇതിന്റെ ഹാര്‍ഡ്‌വെയര്‍. പാവ ചൊല്ലേണ്ട പാട്ടുകളും പറയേണ്ട കഥകളും എം.പി.ത്രി ഫോര്‍മാറ്റില്‍ വിപണിയില്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമം. കഥക്കും പാട്ടിനും അനുസരിച്ചുളള പാവയുടെ അംഗവിക്ഷേപങ്ങളും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഇതിനോടൊപ്പം തന്നെ ലഭിക്കും. ഈ എം.പി.ത്രി ഫയലുകള്‍ യു.എസ്.ബി വഴി ഫീഡ് ചെയ്താല്‍ റോബോ കഥ പറയാന്‍ റെഡി.

കഥ പറയുന്ന കിളികള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും കുട്ടികളുടെ ഭാവനയില്‍ എന്നും സ്ഥാനമുണ്ട്. ഈ ഭാവനയെ യാഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ചുളള ആലോചനകളാണ് ഇങ്ങനെ ഒരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലേക്ക് വഴിതെളിച്ചതെന്ന് കമ്പനിയുടെ സി.ഇ.ഒയും എം.ഡിയുമായ സൈനുള്‍ അബിദിന്‍ പറഞ്ഞു.

ഡിജിറ്റല്‍ വിവരങ്ങള്‍ ചിത്രങ്ങളായി സൂക്ഷിക്കാവുന്ന സാങ്കേതിക വിദ്യക്ക് ഇദ്ദേഹത്തിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ കുറഞ്ഞ ചിലവില്‍ ഒരു കടലാസില്‍ സൂക്ഷിക്കാം എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ സവിശേഷത.


സന്ദീപ് സുധാകര്‍ പി.എം