'സിനിമാക്കാരുടെ പ്രിയപ്പെട്ട നിക്ഷേപമേതാണ്?' ഒരു മാഗസിന്‍ എഡിറ്ററോടായിരുന്നു ചോദ്യം. 'സിനിമാക്കാര്‍ക്ക് പറ്റിയത് റിയല്‍ എസ്റ്റേറ്റ് തന്നെ'. അദ്ദേഹം മറുപടി തന്നു.
ആ മാഗസിന്‍ എഡിറ്റര്‍ ഒരു നടന്‍ കൂടിയാണ്. മിസ്റ്റര്‍ ചെന്നൈ പട്ടവുമായി തമിഴ് സിനിമാ രംഗത്തെത്തി തെന്നിന്ത്യയിലെ താരരാജാവായി മാറിയ ശരത് കുമാര്‍. ചെന്നൈയില്‍ നിന്ന് ഇദ്ദേഹം 'മീഡിയാ വോയ്‌സ്' എന്ന പേരില്‍ ഒരു ഇംഗ്ലീഷ് മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ ലക്കത്തിലും ശരത് കുമാര്‍ പ്രശസ്തരെ ഇന്റര്‍വ്യു ചെയ്യുന്നുണ്ട് ഇതില്‍. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാനും ഈ മാസികയ്ക്ക് കഴിഞ്ഞു.
മാസികയുടെ ആവശ്യങ്ങള്‍ക്കായി ഈയിടെ കൊച്ചിയിലെത്തിയ ശരത് കുമാറിനെ നേരില്‍ കാണാന്‍ സാധിച്ചു. 'പഴശ്ശിരാജ' എന്ന സിനിമയിലെ ഇടച്ചേന കുങ്കനെ അനശ്വരനാക്കി മലയാളികള്‍ക്കും പ്രിയങ്കരനായി മാറിയ ശരത് കുമാര്‍ തന്റെ സമ്പാദ്യങ്ങളെക്കുറിച്ചു ഇവിടെ മനസ്സുതുറക്കുന്നു.
താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഇന്‍വെസ്റ്റ്‌മെന്റ് റിയല്‍ എസ്റ്റേറ്റ് ആണെന്ന് അദ്ദേഹം നിസ്സംശയം പറയുന്നു. 'സിനിമാക്കാരെപ്പോലെ തിരക്കുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാര്‍ഗ്ഗമാണിത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വലിയ റിസര്‍ച്ചിന്റെയൊന്നും ആവശ്യമില്ലല്ലോ?' അദ്ദേഹം ചിരിക്കുന്നു.
ചെന്നൈയിലും തമിഴ്‌നാട്ടില്‍ മറ്റു ചില സ്ഥലങ്ങളിലും ശരത് കുമാറിന് ഭൂമിയുണ്ട്. ചെന്നൈയിലാണ് വീട്. കേരളത്തില്‍ സ്ഥലം വാങ്ങാന്‍ പരിപാടിയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അടുത്തിരുന്ന മലയാളിയായ തന്റെ സുഹൃത്തിനോട് ശരത് അന്വേഷിച്ചു,'നല്ല പ്ലോട്ട് എന്തെങ്കിലുമുണ്ടോ...?' (വേണമെങ്കില്‍ വാങ്ങാമെന്ന അര്‍ഥത്തില്‍). പിന്നെ കൊച്ചിയിലെ ഭൂമി വിലയെക്കുറിച്ചായി സംസാരം.
റിയല്‍ എസ്‌റ്റേറ്റില്‍ ഇത് നിക്ഷേപത്തിന് അനുയോജ്യമായ സമയമാണെന്നാണ് ശരത് കുമാറിന്റെ പക്ഷം.
ഹോസ്പിറ്റാലിറ്റി (ഹോട്ടല്‍ വ്യവസായം) ബിസിനസ്സിലും ശരത്തിന് താത്പര്യമുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും റിസോര്‍ട്ടുകള്‍ തുടങ്ങാനാണ് പരിപാടി. കേരളത്തിലെ പോലെ ഇപ്പോള്‍ തമിഴ്‌നാട്ടിലും ഒട്ടേറെ വിദേശ ടൂറിസ്റ്റുകള്‍ എത്തുന്നുണ്ട്. ഇവരെക്കൂടി ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
ഭാര്യയും നടിയുമായ രാധികയുമായി ചേര്‍ന്ന് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. രാധികയുടെ ഉടമസ്ഥതയിലുള്ള രാധാന്‍ മീഡിയ വര്‍ക്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ്. ടെലിവിഷന്‍ പരമ്പരകള്‍, ടെലിഫിലിമുകള്‍ എന്നിവയാണ് രാധാന്‍ മുഖ്യമായും നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളും നിര്‍മിക്കുന്നുണ്ട്.
അമിതാഭ് ബച്ചന്റെ കോന്‍ ബനേഗ ക്രോര്‍പതിയുടെ മാതൃകയില്‍ തമിഴിലും മലയാളത്തിലുമൊക്കെ സംപ്രേഷണം ചെയ്ത 'കോടീശ്വരന്‍' എന്ന ടെലിവിഷന്‍ ഗെയിം ഷോയും 'രാധാനാ'ണ് നിര്‍മിച്ചത്. സണ്‍ ടിവി നെറ്റ്‌വര്‍ക്കിലൂടെ സംപ്രേഷണം ചെയ്ത ഈ പരിപാടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തമിഴില്‍ ശരത് കുമാര്‍ തന്നെയായിരുന്നു അവതാരകന്‍. മലയാളത്തില്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത ഈ പരിപാടി നടന്‍ മുകേഷ് ആയിരുന്നു അവതരിപ്പിച്ചിരുന്നത്.
ഓഹരിയും മ്യൂച്വല്‍ ഫണ്ടും ഇന്‍ഷുറന്‍സും
ഓഹരി, മ്യൂച്വല്‍ ഫണ്ട് എന്നിവയിലും ശരത് കുമാറിന് നിക്ഷേപമുണ്ട്. ഓഹരികളില്‍ ബ്ലൂ ചിപ് (മുന്‍നിര) കമ്പനികളോടാണ് താത്പര്യം. അതാവുമ്പോള്‍ റിസ്‌ക് കുറയും.
ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയും എടുത്തിട്ടുണ്ട്. തനിക്ക് പുറമെ ഭാര്യ, മക്കള്‍ എന്നിവരുടെ പേരിലും ഇവ എടുത്തിട്ടുണ്ട്.
പഴശ്ശിരാജയിലെ അഭിനയത്തിന് കൈനിറയെ അംഗീകാരങ്ങള്‍ ലഭിച്ച ശരത് കുമാര്‍ മലയാളത്തില്‍ കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവര്‍ക്കൊപ്പം ജോഷി ചിത്രമായ 'ക്രിസ്ത്യന്‍ ബ്രദേഴ്‌സി'ല്‍ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. മലയാളത്തില്‍ സിനിമ നിര്‍മിക്കാന്‍ പരിപാടിയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശരത് കുമാറിന് പ്രിയം റിയല്‍ എസ്റ്റേറ്റ്